എസ്.എന്‍. ജയപ്രകാശ്, സി. നാരായണന്‍, എസ്.ഡി. വേണുകുമാര്‍, പി. സുരേഷ്ബാബു
ദിവസേന ഒന്‍പതുകോടിയുടെ വിഷക്കള്ള്
വിഷക്കള്ള്കുടിച്ച് മലപ്പുറത്ത് പിടഞ്ഞുവീണത് 24 ജീവന്‍.
പേരിനുമാത്രം കള്ളുചെത്തുന്ന കേരളത്തില്‍ യഥേഷ്ടം വിഷക്കള്ള് വില്‍ക്കാന്‍ കണ്ണടച്ചുകൊടുക്കുന്നത് സര്‍ക്കാര്‍. ഇല്ലാത്ത കള്ളിന്റെ
പൊല്ലാത്ത വില്പന. ഈ 'ദ്രവ്യാത്ഭുത'ത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്....
കേരളീയര്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് ലോകംമുഴുവന്‍ പാട്ടാണ്. പക്ഷേ, കള്ളിന്റെ കണക്കോ? എത്ര ഉത്പാദിപ്പിക്കുന്നു, എത്ര വില്‍ക്കുന്നു? ആര്‍ക്കറിയാന്‍, ആരോട് ചോദിക്കാന്‍? കള്ളിന്റെ കള്ളക്കളി തുടങ്ങുന്നത് ഇവിടെയാണ്. പക്ഷേ, ചികഞ്ഞെടുക്കുമ്പോള്‍ ആ സത്യത്തില്‍ത്തട്ടി നമ്മള്‍ ഞെട്ടും. ദിവസേന കേരളം കുടിച്ചുതീര്‍ക്കുന്നത് ഏതാണ്ട് ഒന്‍പതു കോടിയുടെ വിഷക്കള്ള്. ഇങ്ങനെ പോയാല്‍ മലപ്പുറത്ത് വിഷക്കള്ള് കുടിച്ച് പിടഞ്ഞുവീണവര്‍ക്ക് ഇനിയുമേറെ പിന്‍ഗാമികളുണ്ടാവും.
ഈ കണക്ക് എങ്ങനെയെന്നല്ലേ, കേള്‍ക്കൂ. എല്ലാ ജില്ലകളിലുമായി കള്ളുചെത്താന്‍ എകൈ്‌സസ് വകുപ്പില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരമടച്ചത് 5,79,741 തെങ്ങുകള്‍ക്ക്. ഒരു കള്ളുഷാപ്പിന്റെ പരിധിയില്‍ ചെത്തുന്ന തെങ്ങുകള്‍ ഏറ്റവും കുറഞ്ഞത് 50 എണ്ണമെങ്കിലും വേണം. എങ്കിലേ ഷാപ്പിന് ലൈസന്‍സ് കിട്ടൂ. തെങ്ങൊന്നിന് വര്‍ഷം 30 രൂപ കരമടയ്ക്കുകയും വേണം. ഒരു തെങ്ങിന്റെ ശരാശരി ഉല്പാദനം എകൈ്‌സസ് വകുപ്പിന്റെ കണക്കില്‍ ഒന്നര ലിറ്റര്‍. ഇതനുസരിച്ച് കേരളത്തിലെ പ്രതിദിന ഉല്പാദനം 8.7 ലക്ഷം ലിറ്റര്‍. ഇനി ഇതെല്ലാം രണ്ടും മൂന്നും ലിറ്റര്‍ നല്‍കുന്ന കാമധേനുക്കളാണെങ്കിലും ആകെ ഉല്പാദനം 15 ലക്ഷം ലിറ്ററില്‍ താഴെ മാത്രം. പക്ഷെ, തെങ്ങുകള്‍ക്ക് കരമടച്ചിട്ടേയുള്ളൂ. ബഹുഭൂരിപക്ഷം തെങ്ങുകളും ചെത്തുന്നില്ലെന്നത് എല്ലാവര്‍ക്കുമറിയാവുന്ന സത്യം. അതുകൊണ്ടാണല്ലോ പാലക്കാട്ടെ ചിറ്റൂരില്‍നിന്ന് കള്ളുകൊണ്ടുവരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ 136 റെയ്ഞ്ചിലായാണ് കള്ളുഷാപ്പുകള്‍. ഓരോ റെയ്ഞ്ചിലും ദിവസേന വില്‍ക്കുന്നത് 15,000 ലിറ്റര്‍ കള്ളെന്ന് എകൈ്‌സസ് വകുപ്പിന്റെ കണക്ക്. അങ്ങനെയാണെങ്കില്‍ ആകെ വേണ്ടത് ദിവസം 20.4 ലക്ഷം ലിറ്റര്‍. യഥാര്‍ത്ഥ ഉപഭോഗം ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്.
എല്ലാ ജില്ലകളിലേക്കും ഇപ്പോള്‍ ചിറ്റൂരില്‍നിന്നാണ് കള്ള് കൊണ്ടുവരുന്നത്. എന്നാല്‍ ഇവിടെനിന്ന് പോവുന്നത് വകുപ്പിന്റെ കണക്കില്‍ ദിവസം വെറും രണ്ടേകാല്‍ലക്ഷം ലിറ്റര്‍. തെങ്ങിന്‍തോപ്പുടമകള്‍ സത്യംചെയ്യുന്നതോ വെറും 50,000 ലിറ്റര്‍ കള്ളേ തങ്ങള്‍ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും.
മൊത്തം വേണ്ട 20.4 ലക്ഷം ലിറ്ററിന് ആശ്രയിക്കുന്നത് ചിറ്റൂരിനെ. അവിടത്തെ ഉല്പാദനം ഔദ്യോഗിക കണക്കില്‍ 2.25 ലക്ഷം മാത്രവും. അപ്പോള്‍ ശേഷിക്കുന്ന 18.15 ലക്ഷം ലിറ്റര്‍ എവിടെനിന്നു വരുന്നു? മറ്റ് ജില്ലകളില്‍ തദ്ദേശീയമായിയെത്തുന്ന കള്ളിന്റെ അളവ് നാമമാത്രമായതിനാല്‍ ഇത് വ്യാജമായി നിര്‍മ്മിക്കുകയാണ്. ഈ വിഷക്കള്ളിന്റെ വരവ് എല്ലാവര്‍ക്കുമറിയാം. പക്ഷേ, കണ്ണടയ്ക്കുന്നു. ഈ പച്ചക്കള്ളത്തിന് എല്ലാവരും ചേര്‍ന്ന് കൂട്ടുനില്‍ക്കുന്നു. കള്ളിന് ലിറ്ററിന് 48 രൂപയോളം വിലയുണ്ട്. അപ്പോള്‍ വിഷക്കള്ള് വിറ്റ് മാഫിയ ഊറ്റിയെടുക്കുന്നത് ദിവസേന ഒന്‍പതുകോടി രൂപ. യാഥാര്‍ഥ്യം ഇതിലുമെത്രയോ അവിശ്വസനീയമായിരിക്കാം?
വെറുതേയല്ല വിഷക്കള്ളിന്റെ ഈ സാമ്രാജ്യം തഴച്ചുവളരുന്നത്. ഇതിനുപിന്നില്‍ സര്‍ക്കാരിന്റെ ഒത്താശയുണ്ട്. ഉദ്യോഗസ്ഥരുടെ കൊടിയ അഴിമതിയുണ്ട്. രാഷ്ട്രീയത്തിന്റെ പിന്തുണയുണ്ട്. കേരളത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ് ദ്രവ്യാത്ഭുതങ്ങളുടെ ഈ കാഴ്ചകള്‍.
തെക്കത്തിക്ക് കൊളംബോ; വടക്കത്തിക്ക് ഗോവിന്ദാ ഗോവിന്ദാ
നിമിഷങ്ങള്‍കൊണ്ട് വെറും പച്ചവെള്ളം ലിറ്ററിന് 48 രൂപ വിലയുള്ള വിഷക്കള്ളായി മാറുന്ന മഹാത്ഭുതം വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുകയാണ്. കാലംപിന്നിട്ടതോടെ ഈ മാന്ത്രികവിദ്യ വളര്‍ന്ന് വികസിച്ചു. ഇപ്പോള്‍ ഇതൊരു തികഞ്ഞ കലാരൂപമാണ്. കളരി
അഭ്യാസത്തിലെന്നപോലെ ഇതിനും തെക്കും വടക്കും ചിട്ടകളുണ്ട്. ഓരോ നാടിനും തനതുശൈലികള്‍.
തെക്കന്‍ശൈലിക്ക് ഈ രംഗത്തെ വിദഗ്ധന്‍മാര്‍ നല്‍കിയിരിക്കുന്ന പേര് 'തെക്കത്തിക്കള്ള്'. വടക്കുള്ളത് 'വടക്കത്തി'. തെക്കത്തിക്കും വടക്കത്തിക്കും തമ്മില്‍ ചേരുവയിലും രാസസമവാക്യത്തിലും മാത്രമല്ല വ്യത്യാസം. വടക്കന്‍മാര്‍ ക്ഷമിക്കണം. വടക്കത്തിക്ക് അല്പം വീര്യം കുറവാണ്. തെക്കത്തിക്ക് അല്പം വീര്യം കൂടും. ഈ വീര്യത്തിനുപിന്നില്‍ ചേരുവയുടെ വ്യത്യാസം തന്നെ. വടക്കത്തിയില്‍ മെഥനോള്‍ ചേര്‍ന്നപ്പോഴാണ് മലപ്പുറത്ത് മനുഷ്യര്‍ പിടഞ്ഞുവീണത്.
തെക്കത്തിക്കള്ളുണ്ടാക്കാന്‍ വെള്ളത്തില്‍ ആദ്യം ചേര്‍ക്കേണ്ടത് 'കൊളംബോ പേസ്റ്റ്' എന്ന വെള്ളക്കുഴമ്പ്. നഞ്ചെന്തിനു നാനാഴി എന്ന ചോദ്യം തെക്കത്തിയുടെ പാചകത്തിനും ബാധകം. ഒരുനുള്ളു പേസ്റ്റുകൊണ്ട് ലിറ്ററുകണക്കിന് കള്ള് റെഡി. ഇതില്‍ പഞ്ചസാരയും ഈസ്റ്റും കലക്കുന്നവന്റെ മനസ്സിന്റെ കാഠിന്യംപോലെ സ്പിരിറ്റും ചേര്‍ത്താല്‍ വിഷക്കള്ള് റെഡി. കൊളംബോ പേസ്റ്റിന് വീര്യം കൂടുതലാണ്. അതുകൊണ്ട് തെക്കത്തി പെട്ടന്ന് പിടിക്കും. തെക്കോട്ടുവന്നാല്‍ നാലുകാലില്‍ നടക്കാന്‍ നാഴിയുരിക്കള്ളുമതിയെന്ന് ചുരുക്കം. കൊളംബോ പേസ്റ്റിന് വടക്കുമുണ്ട് ആരാധകര്‍. പ്രത്യേകിച്ചും പാലക്കാട്ട് ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
വടക്കന്‍മാരാണ് ശരിക്കും കലാകാരന്‍മാര്‍. അവര്‍ പടംവരയ്ക്കാനുള്ള ചായമാണ് കള്ളിന്റെ ബെയ്‌സായി ഉപയോഗിക്കുന്നത്. വെളുത്ത ബോട്ടിലില്‍ കിട്ടുന്ന വെള്ളക്കുഴമ്പ്. ബോട്ടിലിനുപുറത്ത് പീലിത്തിരുമുടി ചൂടിയ ആലിലക്കണ്ണന്റെ പടമുള്ള സ്റ്റൈലന്‍ സ്റ്റിക്കര്‍. ഗോവിന്ദ എന്ന് ബ്രാന്‍ഡ് നെയിം. 'ഫോര്‍ ആര്‍ട്ടിസ്റ്റിക്ക് യൂസ് ഒണ്‍ളി' (ചിത്രകാരന്മാരുടെ ഉപയോഗത്തിനു മാത്രം) എന്ന് മുന്നറിയിപ്പ്. ഗോവിന്ദ കളര്‍ ഇന്‍ഡസ്ട്രീസ് എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്. നിര്‍മാതാക്കള്‍ ഇവരാണെന്ന് ഊഹിക്കാം. ഇതൊന്നുമല്ല തമാശ. സാധനം എവിടെ ആര് ഉണ്ടാക്കുന്നു, വിലയെത്ര എന്നീ വിവരങ്ങളൊന്നും ഇല്ലെങ്കിലും ഡ്യൂപ്‌ളിക്കേറ്റിനെ സൂക്ഷിക്കണമെന്ന് ഹിന്ദിയിലും ഇംഗ്‌ളീഷിലും ബോട്ടിലില്‍ ആഹ്വാനമുണ്ട്.'നക്കിലിയോം സെ സാവധാന്‍' എന്ന് ഹിന്ദിയില്‍.'ബിവെയര്‍ ഓഫ് ഡ്യൂപ്‌ളിക്കേറ്റ്‌സ്' എന്ന് ഇംഗ്‌ളീഷിലും. 'ഒറിജിനല്‍ ' ആയതിനാലാവാം വിലയല്‍പ്പം കൂടുതലാണ്. ബോട്ടിലിന് ആയിരം രൂപ. ഒരുകുപ്പി കള്ളുണ്ടാക്കാന്‍ ബോട്ടില്‍ തുറക്കുകപോലും വേണ്ട. അരികിലെങ്ങാനും പറ്റിയിരിക്കുന്ന കുഴമ്പ് തോണ്ടിയെടുത്ത് വെള്ളത്തില്‍ ഒന്നുതൊട്ടാല്‍ മതി. കള്ളിന്റെ നിറം കിട്ടും. മണത്തിന് ലേശം ഒറിജിനല്‍ കള്ളുതന്നെ ചേര്‍ക്കണം. പിന്നെ സ്പിരിറ്റും ആനമയക്കിയും ഒക്കെ സ്വന്തം ശൈലിപോലെ. എങ്ങനെയായാലും വിഷത്തിന്റെ അളവില്‍ കുറവുണ്ടാവില്ല. പതിനായിരം ലിറ്റര്‍ കള്ളുണ്ടാക്കാന്‍ 200 ലിറ്റര്‍ യഥാര്‍ഥ കള്ളും 70 ലിറ്റര്‍ സ്പിരിറ്റും മതിയാവും. ഉത്പാദനച്ചെലവ് 10 രൂപപോലുമില്ല. വില്‍ക്കുന്നതോ ലിറ്ററിന് 48 രൂപയ്ക്കും.
തിരുവനന്തപുരത്തുകാര്‍ക്ക് പരിസ്ഥിതിസൗഹൃദ അസുഖം കൂടുതലായതിനാല്‍ വേറൊരു ശൈലിയും കാണുന്നുണ്ട്. തണ്ണിമത്തനും വെള്ളരിയുമൊക്കെ വെട്ടിയരിഞ്ഞ് വെള്ളത്തിലിട്ട് പുളിപ്പിച്ചെടുക്കുന്ന ദ്രാവകത്തിന്‍മേലാണ് പിന്നത്തെ കളി. സിലോണ്‍ പേസ്റ്റ് എന്ന കൊളംബോ പേസ്റ്റിന് തിരുവനന്തപുരത്ത് മലേഷ്യന്‍ പേസ്റ്റെന്നും പറയും. എറണാകുളത്തെ കലക്കുകാര്‍ക്ക് ഈസ്റ്റില്‍ വിശ്വാസമില്ലത്രെ.കോട്ടയത്ത് കാല്പനികമായ കള്ളുകിട്ടുമെന്നാണ് പറച്ചില്‍. പക്ഷേ, ഇവിടെ ഡയസിപാം (ബ്രാന്‍ഡ് നെയിം)എന്ന പദാര്‍ഥം ചേര്‍ക്കാറുണ്ടത്രെ.
സി.പി.എമ്മും ഫോര്‍ട് വിന്നും
കള്ളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇനിയുമുണ്ട്.വേദന സംഹാരിയായ സി.പി.എം. ( ക്‌ളോര്‍ ഫിനറമിന്‍ മാലേറ്റ്) മയക്കത്തിനുള്ള ക്ലോറല്‍ ഹൈഡ്രേറ്റ് , ഫോര്‍ട് വിന്‍ , ഫിനര്‍ഗന്‍ ഗുളികകള്‍ , മീഥൈല്‍ ആല്‍ക്കഹോള്‍ എന്നിങ്ങനെ.ഹിപ്‌നോട്ടിസത്തിന് ഉപയോഗിക്കുന്ന ഗുളികയാണ് ക്ലോറല്‍ ഹൈഡ്രേറ്റ്. ഫോര്‍ട് വിന്‍ അര്‍ബുദരോഗികള്‍ക്കുള്ള വേദനാസംഹാരിയാണ്.കഴിച്ചാല്‍ മയങ്ങും.സ്പിരിറ്റിന് വിലക്കൂടുതലായതിനാല്‍ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന മീഥൈല്‍ ആല്‍ക്കഹോളാണ് ഉപയോഗിക്കുക.ഇത് 30 മില്ലീലിറ്റര്‍ മതി ഒരാള്‍ മരിക്കാന്‍.15 മില്ലീലിറ്റര്‍ ഉള്ളില്‍ ചെന്നാല്‍ കണ്ണ് അടിച്ചുപോകും. തോപ്പുകളില്‍ത്തന്നെ വ്യാജനും വിളയും.
കേരളത്തിനുമുഴുവനായി 'ശുദ്ധമായ' കള്ള് ഉത്പാദിപ്പിക്കുന്ന ചിറ്റൂരില്‍ തെങ്ങിന്‍തോപ്പില്‍ തന്നെ കൃത്രിമക്കള്ളും വിളയും. ഇത് ചിറ്റൂരെ പാവം കള്ളുപ്രവര്‍ത്തകര്‍ കണ്ടുപിടിച്ച വിദ്യയല്ല. 20 വര്‍ഷംമുമ്പ് നൂറനാട്ടു നിന്ന് ചിറ്റൂര്‍ റേഞ്ച് പിടിച്ചടക്കിയ അബ്കാരി പ്രമുഖനാണ് കൃത്രിമക്കള്ളുണ്ടാക്കാന്‍ ചിറ്റൂരുകാരെ പഠിപ്പിച്ചതെന്നാണ് അവരുടെ പരാതി. തെങ്ങ് ചെത്താതെ, തൊഴിലാളികള്‍ക്ക് പണി നല്‍കാതെ വെറും വൃക്ഷക്കരം മാത്രമടച്ച് കള്ളുണ്ടാക്കുന്ന വിദ്യ. ബാംഗ്‌ളൂരില്‍ നിന്ന് സ്പിരിറ്റ്, തമിഴ്‌നാട്ടിലെ സേലത്തുനിന്ന് ഇടനിലക്കാര്‍വഴി ഡയസിപാം, സിലോണ്‍ പൗഡര്‍ ,ഈസ്റ്റ്, പഞ്ചസാര, കഞ്ചാവ്,ചക്കര ഇത്രയുമുണ്ടെങ്കില്‍ എത്രവേണമെങ്കിലും കള്ളുണ്ടാക്കാം. ചിറ്റൂരിലെ വിശാലമായ തെങ്ങിന്‍തോപ്പുകളിലാണ് കൃത്രിമക്കള്ളുണ്ടാക്കുന്നത്. മൂലക്കട, വണ്ണാമട, കരുമാണ്ട കൗണ്ടന്നൂര്‍, മീനാക്ഷിപുരം, നൊച്ചിമേട് എന്നിവിടങ്ങളാണ് കൃത്രിമക്കള്ളിന്റെ കലക്കല്‍കേന്ദ്രങ്ങള്‍. ഡയസിപാം പൊടിക്കും സിലോണ്‍ പൗഡറിനും കാല്‍ കിലോയ്ക്ക് , 1750 രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടനിലക്കാര്‍ ഈടാക്കുന്നത്. ഇവിടത്തെ കള്ളുപാചകം ഇങ്ങനെ:50 ലിറ്റര്‍ കള്ള്,10 ഗ്രാം ഡയസിപാം, 200 ലിറ്റര്‍ വെള്ളം ഇത്രയും ചേര്‍ത്താല്‍ കിട്ടുന്നത് 250 ലിറ്റര്‍ കൃത്രിമക്കള്ള്. ഇതില്‍ ചെറിയ ചവര്‍പ്പിന് നവസാരം.വീര്യംകൂട്ടാന്‍ 100 ലിറ്ററിന് ഒരുലിറ്റര്‍ സ്പിരിറ്റ്.ഒപ്പം ചെറിയ അളവില്‍ അമോണിയം ക്ലോറൈഡോ ക്ലോറല്‍ ഹൈഡ്രേറ്റോ. പാലക്കാട്ടുനിന്ന് വരുന്ന ശുദ്ധമായ കള്ള് തികയാത്തതുകൊണ്ടാണ് മായം ചേര്‍ക്കുന്നതെന്ന വാദവും പൊളിയുന്നു. പാലക്കാട്ടുനിന്നുതന്നെ കൃത്രിമക്കള്ളുവരുമ്പോള്‍ മായം മായം സര്‍വത്ര എന്നേ പറയാനുള്ളൂ.
ടെസ്റ്റര്‍മാരുടെ ദുരൂഹമരണം
വ്യാജക്കള്ള് കലക്കുന്ന കേന്ദ്രങ്ങളില്‍ മദ്യത്തിന്റെ വീര്യമളക്കാന്‍ ആമയെയും എലിയെയും മനുഷ്യ ടെസ്റ്റര്‍മാരെയുമാണ് ഉപയോഗിക്കാറ്. അടുത്തിടെ കായംകുളത്തിനടുത്ത് മുതുകുളത്തെ ഒരുഷാപ്പില്‍ ആമകളെക്കണ്ട് ഉദ്യോഗസ്ഥര്‍ അന്തംവിട്ടു. ആമകളെ കലക്കുകള്ളിലിട്ടാല്‍ അവ അവയിയില്‍ത്തന്നെ കിടക്കുകയാണെങ്കില്‍ വീര്യം കുറവ് എന്നാണ് അര്‍ഥം. പൊങ്ങിവന്ന് കുഴഞ്ഞുപോയാല്‍ വീര്യം കൂടിപ്പോയെന്നും. എലികളെയും ഇങ്ങനെ ഉപയോഗിക്കും. കുടിയന്‍മാരായ ടെസ്റ്റര്‍മാര്‍ക്ക് കള്ള് ഫ്രീയാണ്. ആദ്യം ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കും. കുഴപ്പമില്ലെങ്കില്‍ കള്ള് വിപണിയിലേക്ക്. പരീക്ഷണത്തിനിടയ്ക്ക് ടെസ്റ്റര്‍മാര്‍ മരിച്ചുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കലക്കുകള്ളിന് പേരുകേട്ട കായംകുളത്തും പരിസരത്തുമുള്ള ഷാപ്പുകളുമായി ബന്ധപ്പെട്ട് പത്തോളം അസാധാരണ മരണങ്ങളുണ്ടായപ്പോഴാണ് ഇത്തരം ടെസ്റ്റര്‍ജീവിതങ്ങളെപ്പറ്റി പുറംലോകം അറിഞ്ഞുതുടങ്ങിയത്.
പുലര്‍കാലത്തെ ടിപ്പണികള്‍
ചിറ്റൂരിലെ തെങ്ങിന്‍തോപ്പുകളില്‍ നിന്ന് രാവിലെ ആറുമുതലേ അന്തര്‍ജില്ലാ പെര്‍മിറ്റ് പ്രകാരം കള്ള് കൊണ്ടുപോകാവൂ എന്നായിരുന്നു നിയമം. പക്ഷേ, ചിറ്റൂരില്‍ നിന്ന് വടക്കുംതെക്കും ജില്ലകളിലേക്ക് പുലര്‍ച്ചെ രണ്ടുമുതല്‍ കള്ളുവണ്ടികള്‍ ചീറിപ്പായും. എകൈ്‌സസുകാര്‍ക്ക് കൃത്യമായി മാസപ്പടി ഉള്ളതിനാല്‍ ആരും തടയില്ല. തലേന്നത്തെ അന്തിക്കള്ളും കൃത്രിമക്കള്ളും ചേര്‍ത്ത് 300 ലിറ്ററിന്റെ ബാരലുകളില്‍ പുലര്‍ച്ചെ രണ്ടിനുതന്നെ കള്ളുവണ്ടികള്‍ പോകുന്നത് എല്ലാവര്‍ക്കുമറിയാം. ഇതിന് രണ്ടുണ്ട് നേട്ടം. എറണാകുളത്തും ആലപ്പുഴയിലും നേരത്തേ കള്ള് എത്തിച്ചാല്‍ ചേരുവകള്‍ ചേര്‍ത്ത് വീണ്ടും ഇരട്ടിയാക്കാം. രാത്രിപരിശോധന ഇല്ലാത്തതിനാല്‍ വഴിയില്‍ പെര്‍മിറ്റ് കാണിക്കേണ്ട. ഈ പെര്‍മിറ്റ് ഉപയോഗിച്ച് വീണ്ടും ഒരുവണ്ടിക്ക് കള്ള് കൊണ്ടുവരാം. ഒരുപെര്‍മിറ്റിന് രണ്ടും മൂന്നും വണ്ടി കള്ള് പോയിത്തുടങ്ങിയപ്പോഴാണ് തൃശ്ശൂരിലെ കൊമ്പഴയില്‍ കള്ള് പരിശോധിക്കാന്‍വേണ്ടിമാത്രം ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചത്. പക്ഷേ, ഇവിടെ വണ്ടിതടഞ്ഞത് കള്ള് പരിശോധിക്കാനല്ല, പടിവാങ്ങുക എന്ന 'മഹനീയ'കൃത്യത്തിന്.
ദ്രവ്യ(ന്‍)ം ഒഴുകിയെത്തിയ വഴികള്‍
കോടികളുടെ ബാങ്ക് നിക്ഷേപം... നഗരങ്ങളുടെ ഹൃദയഭാഗത്ത് സ്വന്തം ഭൂമി... വിദേശനിര്‍മിത ആഡംബര കാറുകള്‍... ഇതൊരു ഫൈവ്സ്റ്റാര്‍ ഹോട്ടലുടമയുടെ സമ്പാദ്യമല്ല; ഒരു കള്ള്ഷാപ്പ് നടത്തിപ്പുകാരന്റേതാണ്! വിഷക്കള്ള് ദുരന്തത്തിലെ മുഖ്യപ്രതി ദ്രവ്യന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു ചിത്രമാണിത്.
പത്താംക്ലാസ് വരെ വിദ്യാഭ്യാസമുള്ള ദ്രവ്യന്റെ സ്ഥാനം സമൂഹത്തിലെ സമ്പന്നരുടെ പട്ടികയിലായിരുന്നു. ഈ പട്ടികയിലേക്ക് അയാള്‍ നടന്നുകയറിയത് ചുരുങ്ങിയ വര്‍ഷംകൊണ്ടായിരുന്നു. ഷാപ്പുകളില്‍ കള്ള് മാത്രം വിറ്റാല്‍ ഇന്നത്തെ ഈനിലയിലെത്താന്‍ കഴിയില്ലെന്ന് ദ്രവ്യന് പണ്ടേ അറിയാമായിരുന്നു. നടുവട്ടം കാരേക്കുന്നത്ത് വീട്ടില്‍ ദ്രവ്യന്‍ അബ്കാരി മുതലാളിയായതിനു പിന്നിലും ഒരു കഥയുണ്ട്. ഏതൊരു അബ്കാരിയുടെയുംപോലെ ദ്രവ്യന്റെയും തുടക്കം ഒരു ചാരായഷാപ്പില്‍നിന്നുതന്നെയായിരുന്നു.
ജ്യേഷ്ഠന്റെ ചാരായഷാപ്പില്‍ എടുത്തുകൊടുക്കാന്‍ നിന്നിരുന്ന ആളായിരുന്നു ദ്രവ്യന്‍. ചാരായം നിര്‍ത്തിയപ്പോള്‍ കള്ള്ഷാപ്പായി. ദ്രവ്യന്‍ പിന്നെ കള്ള്ഷാപ്പിന്റെ ലൈസന്‍സിയായി. ഷാപ്പുകളിലൂടെ കള്ളിനൊപ്പം സ്പിരിറ്റും ഒഴുക്കാന്‍ തുടങ്ങിയപ്പോള്‍ സമ്പാദ്യത്തിന്റെ കനവും കൂടിവന്നു. ഇതോടെ ഷാപ്പുകളുടെ എണ്ണവും കൂടിക്കൂടിവന്നു. ദ്രവ്യനെയും സഹോദരനെയും കൂടാതെ വിളയൂരിലെയും പട്ടാമ്പിയിലെയും രണ്ടുസുഹൃത്തുക്കളും കൂടിയാണ് ഷാപ്പുകള്‍ ലേലംപിടിച്ചിരുന്നത്. ഷാപ്പുകളുടെ എണ്ണംകൂടിയതോടെ ഓരോരുത്തരം സ്വന്തമായി ഷാപ്പുകള്‍ പിടിക്കാന്‍ തുടങ്ങി. റെയ്ഞ്ചുകളിലെ മിക്കഷാപ്പുകളിലും ഇവര്‍ക്ക് പങ്കുണ്ടായതോടെ അബ്ക്കാരികളുടെ നേതാക്കന്മാരായി ഈ നാല്‍വര്‍സംഘം മാറുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിച്ചിട്ടും അധികൃതര്‍ക്കാര്‍ക്കും ഇവരെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 1995-ല്‍ ജ്യേഷ്ഠന്റെ മരണത്തോടെ ഷാപ്പ് നടത്തിപ്പുകളുടെ ചുമതല ദ്രവ്യന്റെ കൈകളിലെത്തി.
തുടര്‍ന്നങ്ങോട്ടാണ് ദ്രവ്യന്റെ കാലവും കാലക്കേടും ആരംഭിക്കുന്നത്. 2001ലും 2002ലുമായി രണ്ടു സ്പിരിറ്റ് കേസുകളാണ് ദ്രവ്യന്റെപേരില്‍ പട്ടാമ്പി പോലീസ് രജിസ്റ്റര്‍ ചെയ്തത്. 500 ലിറ്റര്‍ സ്പിരിറ്റും 35 ലിറ്റര്‍ സ്പിരിറ്റുമായിട്ടാണ് രണ്ടുതവണ ദ്രവ്യനെ പോലീസ് അറസ്റ്റുചെയ്യുന്നത്. പിന്നീട് കുറച്ചുകാലം ദ്രവ്യന്റെ സമയദോഷമായിരുന്നു.
നാട്ടില്‍നില്‍ക്കാനും കേസ് നടത്താനും കഴിയാതെവന്നതോടെ ദ്രവ്യന്‍ വിദേശത്തേക്ക് പറന്നു. മാസങ്ങള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തി. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ദ്രവ്യന്‍ റെയ്ഞ്ച് മാറി കച്ചവടം ആരംഭിച്ചു. നിലമ്പൂര്‍, വണ്ടൂര്‍ മേഖലകളിലായിരുന്നു ഷാപ്പ് നടത്തിയിരുന്നത്. കേസിലുള്‍പ്പെട്ട് ലൈസന്‍സ് റദ്ദായതിനാല്‍ എല്ലാം ബിനാമികളെ ഏല്‍പ്പിച്ചു. 500 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച കേസില്‍ രണ്ടുവര്‍ഷത്തെ തടവിന് വിധിച്ചെങ്കിലും കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലയോര മേഖലയിലെ കള്ളുകച്ചവടമാണ് ദ്രവ്യന്റെ ജീവിതത്തെ പച്ചപിടിപ്പിച്ചത്. പിന്നീട് ദ്രവ്യന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കൈയില്‍ ഇഷ്ടംപോലെ പണം, രാഷ്ട്രീയക്കാരിലും എകൈ്‌സസ്-പോലീസ് ഉദ്യോഗസ്ഥരിലും നല്ല പിടിപാട്. സ്പിരിറ്റ് കച്ചവടത്തിന് ഇത്രയൊക്കെ ധാരാളം മതിയെന്ന് ദ്രവ്യനും മനസ്സിലായി. ഈ തണലില്‍ പലരും തടിച്ചുകൊഴുത്തു.
എന്നും പുലര്‍ച്ചെ മൂന്നു മണിയോടെ എഴുന്നേല്‍ക്കും.സ്പിരിറ്റും വെള്ളവുമെല്ലാം കള്ളില്‍ ചേര്‍ക്കുന്ന ജോലികള്‍ അഞ്ചുമണിയാകുമ്പോഴേക്കും മുഴുവനാക്കും. ഇതായിരുന്നു ദ്രവ്യന്റെ ദൈനംദിന രീതി.
പടി കിട്ടിയാല്‍ കമ്മീഷണറെയും വിരട്ടും
പാലക്കാട്ടുനിന്ന് കള്ളുകടത്താനുള്ള അന്തര്‍ജില്ലാ പെര്‍മിറ്റ് എകൈ്‌സസുകാര്‍ക്ക് ചാകരയാണെന്നു വിശേഷിപ്പിച്ചാല്‍ അത് കുറഞ്ഞുപോകും. ആറുമാസത്തേക്ക് മൂന്നുകോടി രൂപ നേരിട്ട് കൈക്കൂലി നേടിത്തരുന്ന അക്ഷയപാത്രം. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മുതല്‍ റെയ്ഞ്ച് ഓഫീസുവരെ വീതംവെപ്പിന്റെ ആരവം.
ആയിരംലിറ്റര്‍ കള്ള് ചിറ്റൂരില്‍നിന്ന് ആലപ്പുഴയ്ക്ക് കൊണ്ടുപോകണമെങ്കില്‍ ആദ്യം ആലപ്പുഴയില്‍ നിന്ന് 'പടി കയറി'ത്തുടങ്ങണം. കള്ള് കൊണ്ടുവരേണ്ട റെയ്ഞ്ചില്‍ ലിറ്ററിന് 15 രൂപ പ്രകാരം 15000 രൂപ. സര്‍ക്കിള്‍ ഓഫീസില്‍ മറ്റൊരു 15000. ഡിവിഷന്‍ ഓഫീസില്‍ വേറൊരു 15000. ഇത്രയും നല്‍കിക്കഴിഞ്ഞാല്‍ അടുത്ത പടിക്കളി പാലക്കാട്ട്. ഇവിടെ ആദ്യം ചിറ്റൂര്‍ റെയ്ഞ്ചില്‍ 15000 രൂപ. ചിറ്റൂരിലെ സര്‍ക്കിള്‍ ഓഫീസിലും പാലക്കാട്ടെ ഡിവിഷന്‍ ഓഫീസിലും ഇതേനിരക്ക്. ചില ദൗര്‍ഭാഗ്യവാന്‍മാര്‍ക്ക് സര്‍ക്കിളിലും ഡിവിഷനിലും നിരക്കുകൂടും. കണ്‍മുന്നില്‍ കിട്ടിയാല്‍ സ്‌ക്വാഡും കൈനീട്ടും. (സര്‍ക്കിള്‍ ഓഫീസിലും ഡിവിഷന്‍ ഓഫീസിലും കാല്‍ക്കുലേറ്ററുമായാണ് പടിപിടുത്തക്കാര്‍ ഇരിക്കുന്നതെന്ന് തിരുവനന്തപുരത്തുനിന്ന് കള്ളെടുക്കാന്‍പോയ ഒരു കറാറുകാരന്റെ അനുഭവസാക്ഷ്യം. ഒരിക്കല്‍ അവിടെയുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസര്‍ സ്വന്തം നാട്ടുകാരനായിരുന്നു. മാമൂലൊന്നും കൊടുക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. പേപ്പറൊപ്പിട്ട് തിരിച്ചിറങ്ങിയപ്പോഴേക്കും മറ്റ് ഓഫീസര്‍മാര്‍ പിന്നാലെചെന്നു. പടി നിരുപാധികം കാഴ്ചവെക്കേണ്ടിവന്നു. കള്ളോ ചാരായമോ സ്പിരിറ്റോ എന്തുവേണമെങ്കിലും കൊണ്ടുപോ. പടിമുടക്കരുതെന്ന് ഉപദേശവും ഇവര്‍ കൊടുത്തു.)ചിറ്റൂരില്‍ നിന്ന് 959 പെര്‍മിറ്റുകളിലായി മൂന്നരലക്ഷംലിറ്റര്‍ കള്ളാണ് പൊയ്‌ക്കൊണ്ടിരുന്നത്. ആറുമാസത്തേക്കായിരുന്നു പെര്‍മിറ്റ്. ഇതിന് ലിറ്ററിന് 15 രൂപ നിരക്കില്‍ ആറുതട്ടിലായി ലഭിച്ചുകൊണ്ടിരുന്ന കൈക്കൂലി 2.92 കോടി രൂപ.ഇത്രയുംതുക കൈക്കൂലികൊടുത്താല്‍ കരാറുകാരന് എങ്ങനെ മുതലാവുമെന്ന സംശയംവേണ്ട. ചിറ്റൂരില്‍ നിന്ന് ഒരുലിറ്റര്‍ ചെത്തുകള്ള് കിട്ടുന്നത് 13-14 രൂപയ്ക്ക്. പാണ്ടികള്‍ ചെത്തുന്ന പാണ്ടിക്കള്ളാണെങ്കില്‍ ലിറ്ററിന് ഏഴും എട്ടും രൂപയേ വിലയുള്ളൂ. ഇത് പുറംജില്ലകളില്‍ വില്‍ക്കുന്നത് 48 രൂപയ്ക്കും. പിന്നെ എന്ത് ചേര്‍ത്തും വിഷക്കള്ള് ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യവും. ലാഭത്തിന്റെ നാഷണല്‍ഹൈവേ ഇങ്ങനെ നീളുന്നു.
അമ്പമ്പോ, കിമ്പളം ഇങ്ങനെ
ഇനി ഷാപ്പുനടത്തിപ്പിന്റെ മാസപ്പടി മാഹാത്മ്യം അറിയാന്‍ ഓരോതലത്തിലും കിട്ടുന്ന കിമ്പളത്തിന്റെ കണക്ക് നോക്കിയാല്‍മതി. ഈ മാസം ആദ്യംവരെ തൃശ്ശൂര്‍ ജില്ലയില്‍ നിലനിന്ന കിമ്പള നിരക്കിനെക്കുറിച്ച് കരിങ്കാലിയായ ഒരുദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ. ഒരു റെയ്ഞ്ചിലെ ഓരോ ഗാര്‍ഡിനും മാസം ശരാശരി 7000 രൂപ എല്ലാ ഷാപ്പുകളില്‍ നിന്നുമായികിട്ടും. പ്രിവന്റീവ് ഓഫീസര്‍ക്ക് 9000. ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടുന്ന തുക അദ്ദേഹത്തിന്റെ കീഴിലെ ഗാര്‍ഡുമാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അഞ്ചുഗാര്‍ഡുമാരുള്ള റെയ്ഞ്ചാണെങ്കില്‍ ഇന്‍സ്‌പെക്ടര്‍ക്ക് 35000 രൂപ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഓരോ റെയ്ഞ്ചില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടുന്ന വിഹിതം കിട്ടും. ഒരു സര്‍ക്കിളിന്റെ കീഴില്‍ നാല് റെയ്ഞ്ചുണ്ടാവും. അപ്പോള്‍ കിമ്പളം നാലിരട്ടി. ഡിവിഷന്‍ ഓഫീസില്‍ ഡെപ്യൂട്ടികമ്മീഷണര്‍ക്കും മാനേജര്‍ക്കും കൃത്യമായി വിഹിതം ചെല്ലുന്നുണ്ട്.
കള്ളിലെ കള്ളംപോലെ കൈക്കൂലിക്കും ജില്ലാതലഭേദങ്ങളുണ്ട്. ഓരോ ജില്ലയിലെയും കച്ചവടത്തിന്റെ തോതും കലക്കലിന്റെ വ്യാപ്തിയുമൊക്കെ കണക്കിലെടുത്താണ് പടിനിരക്കുകള്‍ രൂപപ്പെടുന്നത്. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തീരുമാനിച്ചാല്‍ അദ്ദേഹം വിവരമറിയും. മാസപ്പടിവാങ്ങി വീതംവെക്കുന്ന കൂട്ടായ്മയില്‍ സഹകരിക്കാത്തവന് സ്ഥലം മാറ്റം, മാനഹാനി എന്നിവയൊക്കെ ഫലം.
കള്ളുകച്ചവടം തകര്‍ത്തുനടക്കുന്ന ആലപ്പുഴയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന് മാസംകിട്ടുന്നത് രണ്ടുലക്ഷം രൂപയാണെന്നറിയുന്നു. തൊട്ടുതാഴെയുള്ളയാള്‍ക്ക് ഒരുലക്ഷവും. കമ്മീഷണര്‍ എസ്.സുബ്ബയ്യ നടത്തിയ റെയ്ഡുകളെത്തുടര്‍ന്ന് തിരുവനന്തപുരത്തും കൊല്ലത്തുമൊക്കെ കുറെ ഷാപ്പുകള്‍ പൂട്ടിയിരുന്നു. അതുകൊണ്ട് ഈ ഓണക്കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടതുപോലെ കൊയ്യാനായില്ല. മലപ്പുറത്തുനിന്ന് മാസപ്പടി രജിസ്റ്റര്‍ കണ്ടുകിട്ടിയെങ്കിലും അതിന്റെ നിരക്കും ആരൊക്കെ വാങ്ങിയെന്നതും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
തൊടാനാര്... വിരട്ടവനെ!
ശമ്പളത്തിന് പണിയെടുത്തില്ലെങ്കിലും കിമ്പളത്തിന് പണിയെടുക്കുന്നവരാണ് എകൈ്‌സസില്‍ ഏറെപ്പേരും. കിമ്പളത്തിനോട് അവര്‍ക്ക് വലിയ ആദരവുമുണ്ട്. അതുകൊണ്ട് തങ്ങളെപ്പോറ്റുന്നവര്‍ക്കുവേണ്ടി എകൈ്‌സസ് കമ്മീഷണറോട് ആണെങ്കില്‍ക്കൂടിയും അവര്‍ നിലവിട്ട് പെരുമാറിക്കളയും. തിരുവനന്തപുരത്ത് ആറ്റിങ്ങലിലാണ് ഈ സംഭവം നടന്നത്. റെയ്ഞ്ച് ഓഫീസിനടുത്തുള്ള ഷാപ്പില്‍ കമ്മീഷണറുടെ നേരിട്ടുള്ള റെയ്ഡ്. കള്ളുകലക്കാന്‍ സൂക്ഷിച്ചിരുന്ന യീസ്റ്റും പഞ്ചസാരയുമൊക്കെ കമ്മീഷണര്‍ പിടിച്ചെടുത്തു. അപ്പോഴേക്കും ഇന്‍സ്‌പെക്ടര്‍ ഓടിയെത്തി. ഈ ഷാപ്പില്‍ എവിടെനിന്നാണ് ഈ സാധനങ്ങള്‍ വന്നതെന്ന് ചോദിച്ച് അദ്ദേഹം ആക്രോശിച്ചു. റെയ്ഡിനുവന്നവര്‍ കൊണ്ടുവെച്ചതാവാം എന്ന ദുരൂഹത പരത്തി അദ്ദേഹം ഉപകാരസ്മരണചെയ്തു. സസ്‌പെന്‍ഷനും വാങ്ങി. പടി ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല; രാഷ്ട്രീയക്കാര്‍ക്കും കിട്ടുന്നുണ്ട്. സ്വാഭാവികമായും ഭരണകക്ഷിക്കാര്‍ക്കാണ് കോള്. അതുകൊണ്ട് വിഷക്കള്ള് ലോബിയെ ആരെങ്കിലും തൊട്ടാല്‍ നേതാക്കള്‍ ഇളകും. തൊടുന്നത് കമ്മീഷണറാണെങ്കില്‍ അങ്ങോരുടെ കൈവെട്ടുമെന്നും കാല്‍വെട്ടുമെന്നും ഭീഷണി. അങ്ങനെയും ഈ കേരളത്തിലുണ്ടായി.
സാമ്പിളും വ്യാജന്‍ ; തെളിയില്ല കള്ളം
റെയ്ഡ് നടക്കുമ്പോള്‍ വിഷക്കള്ളിന്റെ സാമ്പിള്‍ എടുക്കുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ, എത്ര സാമ്പിള്‍ എടുത്താലും വിഷംതെളിയാന്‍ ബുദ്ധിമുട്ടായിരിക്കും.അതിനുള്ള തന്ത്രം കള്ളുമാഫിയയും എക്‌സൈസ് ഉദ്യോഗസ്ഥരുംചേര്‍ന്ന സൗഹൃദക്കൂട്ടായ്മ രൂപപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഷാപ്പിലും പത്തുകുപ്പിയെങ്കിലും നല്ല കള്ള് സദാ സ്റ്റോക്കുണ്ടാവും. നല്ലകള്ള് തേടിയെത്തുന്ന ചിലപതിവുകാര്‍ എല്ലാഷാപ്പിലുമുണ്ട്. അവര്‍ക്ക് കുടിക്കാന്‍ കുറച്ച് നല്ലകള്ള് കരുതണം.പതിവുകാരോട് ഷാപ്പുകാരന്‍ സ്‌നേഹംകാട്ടുന്നത് ഇങ്ങനെയാണ്. (നല്ല കള്ളുകൊടുത്താല്‍ കുടിക്കാത്ത ലക്ഷണമില്ലാത്ത കുടിയന്‍മാരാണ് വിഷക്കള്ളുണ്ടാക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് പറയുന്ന ഷാപ്പുകാരുമുണ്ട്. സ്പിരിറ്റും മറ്റുമരുന്നുകളും ചേര്‍ക്കാത്ത കള്ളുകൊടുത്താല്‍ ഇവര്‍ പിണങ്ങും.കുടിയന്‍മാര്‍ക്കുവേണ്ടി എന്തെല്ലാം റിസ്‌ക്കാണ് ഈ ഷാപ്പുകാര്‍ എടുക്കുന്നത് ) റെയ്ഡ് നടക്കുമ്പോള്‍ സാമ്പിളായി എക്‌സൈസുകാര്‍ എടുത്തുകൊണ്ടുപോകുന്നത് ഈ നല്ല കുപ്പികളായിരിക്കും.പരിശോധനയില്‍ കള്ള് പരമശുദ്ധമെന്ന് തെളിയും.പിന്നെന്ത് നടപടിയെടുക്കാന്‍? എല്ലാമൊരു നാടകം.
സാമ്പിള്‍ എടുക്കുന്നവര്‍ക്കെല്ലാം പടി ഉറപ്പ്. അല്ലെങ്കില്‍ ഷാപ്പില്‍ നിന്ന് ശുദ്ധമായ കള്ളുകിട്ടിയാലും ഉദ്യോഗസ്ഥര്‍ പുറത്തുവെച്ച് അതില്‍ വിഷംചേര്‍ത്ത് ലാബില്‍ കൊടുക്കുമെന്നാണ് ഷാപ്പുകരാറുകാര്‍ പറയുന്നത്. ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമാണ് ഈ ലാബുകള്‍ ഉള്ളത്. രണ്ടും മൂന്നും വര്‍ഷമായിട്ടും പരിശോധനാ റിപ്പോര്‍ട്ട് കിട്ടാത്ത കേസുകളുണ്ട്. ഷാപ്പുകളുടെ കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. അതിനിടെ ലാബ് റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ നടപടിയും കണക്കുതന്നെ.
നാടന്‍കള്ളില്‍ 8.2 ശതമാനം ആല്‍ക്കഹോളേ പാടുള്ളൂവെന്നാണ് നിയമം. ഇതിന് ആനുപാതികമായ രീതിയില്‍ സ്പിരിറ്റ് ചേര്‍ത്താല്‍ പരിശോധനയില്‍ കണ്ടുപിടിക്കുകയുമില്ല.
നാലുസെന്റിലെ കള്ളുമുതലാളിമാര്‍
കഴിഞ്ഞയാഴ്ചയില്‍ ഒരുദിവസം. രാവിലെ 11.30. എകൈ്‌സസ് കമ്മീഷണറേറ്റില്‍ ഒരു രഹസ്യസന്ദേശം എത്തുന്നു. പാറശ്ശാലയ്ക്കടുത്ത ഒരു റിട്ട.എസ്.ഐ. യാണ് സ്പിരിറ്റ് കടത്തിലെ ഇപ്പോഴത്തെ താരം. അയാളുടെ ഒരു മിനിലോറി സ്പിരിറ്റ് തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യ സന്ദേശം. കമ്മീഷണറേറ്റില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം പോയി. കടന്നുപോകേണ്ട സ്പിരിറ്റും കടന്നുപോയി. മാഫിയ നിശ്ചയിച്ചാല്‍ അതുനടന്നിരിക്കും. ആര്‍ക്കും തടയാനാവില്ല. വിശ്രമജീവിതകാലം സ്പിരിറ്റ് കടത്തി നാടുനന്നാക്കാന്‍ തീരുമാനിച്ച ഈ മുന്‍നിയമപാലകനെ കുടുക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഒരിക്കല്‍ പുലര്‍ച്ചെ രണ്ടുമണിവരെ കാത്തിരുന്നതാണ്. കിട്ടിയില്ല. ജില്ലാ അതിര്‍ത്തിയില്‍ പത്തോളം എകൈ്‌സസ് ചെക്ക്‌പോസ്റ്റുകളുണ്ട്. ഏതുവഴിയും കടത്താം. കടത്തുന്നദിവസം മാഫിയയുടെ വിശ്വസ്തന്‍ ചെക്ക്‌പോസ്റ്റില്‍ കാവലുണ്ടായാല്‍ മതി. ആരും അറിയില്ല. സ്പിരിറ്റ് എത്തേണ്ടിടത്ത് എത്തും. വിശ്വസ്തര്‍ക്ക് നേട്ടം. പിടിക്കാനിറങ്ങുന്നവന് ഉറക്കം നഷ്ടം. മനഃപ്രയാസവും മാനഹാനിയും ഫലം.മദ്യദുരന്തങ്ങള്‍ക്ക് കുപ്രസിദ്ധമായ കൊല്ലം ജില്ലയില്‍ 2008 ല്‍ ആവണീശ്വരം മദ്യദുരന്തം നടന്നകാലത്ത് കരുനാഗപ്പള്ളിയില്‍ എകൈ്‌സസ് പരിശോധിച്ച് വിട്ട സ്പിരിറ്റ് വാഹനം പിടികൂടിയത് പോലീസാണ്. ജില്ലയില്‍ ഏറെക്കാലം സ്പിരിറ്റ് എത്തിച്ചിരുന്ന എഡിസന്‍ ഒടുവില്‍ മലബാര്‍ സിമന്റ്‌സിന്റെ ഗ്രീന്‍ചാനല്‍ പെര്‍മിറ്റ് ഉപയോഗിച്ച് സ്പിരിറ്റ്കടത്തിയകേസിലാണ് അറസ്റ്റിലായത്.
കൃത്യമായ രഹസ്യസന്ദേശങ്ങള്‍ കിട്ടിയാല്‍പ്പോലും ഇതാണ് സ്ഥിതിയെങ്കില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കാര്യം പറയാനുണ്ടോ?
ബിനാമികള്‍ക്കു പിന്നിലെ താപ്പാനകള്‍
ചെങ്ങന്നൂര്‍ റെയ്ഞ്ചില്‍ നാലു ഷാപ്പുകള്‍ നടത്തിയിരുന്ന മഴുക്കീര്‍ പ്രാവിന്‍കൂട് സ്വദേശി രാജപ്പന് 25 ലക്ഷംരൂപ കുടിശ്ശിക വന്നു. റവന്യൂ റിക്കവറിക്ക് അധികൃതര്‍ എത്തിയപ്പോള്‍ നാലുസെന്റ് സ്ഥലത്ത് ഓലക്കൂരയില്‍ കഴിയുകയായിരുന്നു 'അബ്കാരി മുതലാളി'. ഒരു പ്രമുഖന്റെ ബിനാമിയായിരുന്ന ഈ പാവത്തിന് ഷാപ്പുമുതലാളി എന്ന പേരും നക്കാപ്പിച്ച പ്രതിഫലവുമാണ് കിട്ടിയിരുന്നത്.കടബാധ്യതകളോ മറ്റുനടപടികളോ വന്നാല്‍ യഥാര്‍ഥഉടമയ്ക്ക് പ്രശ്‌നമൊന്നുമില്ല. പിന്നീട് ദുരൂഹമായ ഒരു അപകടത്തില്‍ രാജപ്പന്‍ ഒടുങ്ങിപ്പോയി.കള്ളുഷാപ്പുകള്‍ നടത്തുന്നത് ബിനാമികളാവരുതെന്ന് അബ്കാരിനിയമത്തില്‍ വ്യവസ്ഥയുണ്ട്. അബ്കാരി നയത്തില്‍ പറയുന്നത് ബിനാമികളല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ ഷാപ്പ് ലൈസന്‍സ് നല്‍കാവൂ എന്നാണ്. പക്ഷേ, എല്ലാവരും സഹകരിച്ച് കേരളത്തില്‍ ഒരുകാര്യം ഉറപ്പാക്കിയിട്ടുണ്ട്. കണ്ണൂരും കോഴിക്കോട്ടുമൊക്കെയുള്ള തൊഴിലാളി സഹകരണ സംഘങ്ങള്‍ ഒഴിച്ചാല്‍ ഷാപ്പുനടത്തുന്നവരില്‍ 80 ശതമാനംപേരും പ്രമുഖ അബ്കാരി കരാറുകാരുടെ കോണ്‍ട്രാക്ടര്‍മാര്‍ തന്നെ. ബിനാമികളുടെ പേരില്‍ കിസ്തു തുക (ഷാപ്പുലേലത്തുക)യടയ്ക്കും. കള്ള് എത്തിക്കുന്നതും കലക്കുന്നതുമെല്ലാം അബ്കാരികള്‍. ലൈസന്‍സിക്ക് ഒന്നും അറിയേണ്ട. ഷാപ്പിലിരുന്നാല്‍ മതി. മാസം ഒരുചെറിയ തുക വീട്ടിലെത്തും. പക്ഷേ, ദുരന്തമുണ്ടായാല്‍ കുടുങ്ങും. ഉത്തരവാദി ലൈസന്‍സിയായിരിക്കും. പാലക്കാട് പെരുവെമ്പില്‍ അഞ്ചുവര്‍ഷംമുമ്പ് വിഷക്കള്ള്കുടിച്ച് ആറുപേര്‍ മരിച്ചപ്പോള്‍ ജയിലിലായത് ചെത്തുകാരനായിരുന്നു. കരാറുകാരനെ ആരും തൊട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ യഥാര്‍ഥകരാറുകാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. ബിനാമികളില്‍ രാഷ്ട്രീയനേതാക്കളും ധാരാളം. കഴക്കൂട്ടം റെയ്ഞ്ചില്‍ സി.ഐ.ടി.യു. നേതാവിന്റെ സാന്നിധ്യമുണ്ടെങ്കില്‍ വര്‍ക്കലയില്‍ ഐ.എന്‍.ടി.യു.സി. നേതാവുണ്ട്. ബിനാമികളെയെല്ലാം ഉദ്യോഗസ്ഥര്‍ക്ക് അറിയാം. പക്ഷേ, നഗ്‌നമായ ഈ നിയമലംഘനം തടയാന്‍ ആര്‍ക്കുമാവുന്നില്ലെന്ന് മാത്രം. ഗുണ്ടാപ്പിരിവ് വാങ്ങി ബിനാമികളെ സംരക്ഷിക്കാന്‍ വിപ്ലവ വിദ്യാര്‍ഥിസംഘടനയുടെ ഒരു പഴയകാല നേതാവും രംഗത്തുണ്ട്. തിരുവനന്തപുരത്തും തൊഴിലാളിസഹകരണ സംഘങ്ങള്‍ ഷാപ്പ് നടത്തിയിരുന്ന കാലമുണ്ടായിരുന്നു. അന്ന് സംഘങ്ങളുടെ നേതാക്കളായിരുന്ന ചിലരും ഇന്ന് ബിനാമികളെവെച്ച് ഷാപ്പുനടത്തുന്നുണ്ട്. അന്ന് ഒരു സൈക്കിള്‍പോലും ഇല്ലാതിരുന്നവര്‍ ഇപ്പോള്‍ മാളികകളിലാണ് വസിക്കുന്നത്. ആഡംബരക്കാറുകള്‍ പലതുണ്ട് ഇവര്‍ക്ക്.
ചിറ്റൂര്‍ താലൂക്കിലെ കൊല്ലങ്കോട് റെയ്ഞ്ചില്‍ തൊളിലാളികള്‍ നടത്തിയിരുന്ന ഷാപ്പുകള്‍ കൂട്ടമായി ഇപ്പോള്‍ നടത്തുന്നത് തത്തമംഗലത്തെ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുക്കളാണെന്നത് പരസ്യമായ രഹസ്യം. മീനാക്ഷിപുരത്തെ ഒരു ഷാപ്പിന്റെ വര്‍ത്തമാനം ചികഞ്ഞപ്പോള്‍ ലൈസന്‍സി വെറുമൊരു പാവം. കള്ളുകച്ചവടം എന്തെന്നറിയില്ല. പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നത് പ്രദേശത്തെ പേരുകേട്ട ഒരു അബ്കാരിയും.
നാലുമുതല്‍ ഏഴുവരെ ഷാപ്പുകളുള്ള ഗ്രൂപ്പായാണ് ലേലത്തില്‍ കൊടുക്കുന്നതെങ്കിലും റെയ്ഞ്ചിലെ മൊത്തം ഗ്രൂപ്പുകളും അവസാനം ഒരു അബ്കാരി കരാറുകാരനില്‍ എത്തും. ഇതാണ് ബിനാമി മാജിക്. തൃശ്ശൂര്‍, എറണാകുളം റെയ്ഞ്ച് നടത്തുന്നത് അങ്കമാലിയിലെ പ്രമുഖ അബ്കാരി ഗ്രൂപ്പ്. ചിറ്റൂര്‍, കൊല്ലങ്കോട് , നെന്മാറ റേഞ്ചുകള്‍ ഭരിക്കുന്നത് തത്തമംഗലത്തെയും കൊഴിഞ്ഞമ്പാറയിലെയും ചിറ്റൂരിലെയും പഴയപ്രമാണിമാര്‍ തന്നെ. പാലക്കാട്ട് റെയ്ഞ്ചിലാകട്ടെ തൃശ്ശൂരിലെ ഗ്രൂപ്പും.
ആലപ്പുഴ ജില്ലയില്‍ നാനൂറിലേറെ ഷാപ്പുകള്‍ ഉണ്ടെങ്കിലും യഥാര്‍ഥ ലൈസന്‍സികള്‍ നൂറില്‍ താഴെമാത്രം. സമുദായനേതാക്കളുടെയും രാഷ്ട്രീയനേതാക്കളുടെയും കാര്‍മികത്വത്തില്‍ ഇവിടെ നിരവധി ഷാപ്പുകളുണ്ട്. കോളേജ് അധ്യാപകര്‍ക്കുവരെ ഇവിടെ കള്ളുകച്ചവടത്തില്‍ പങ്കാളിത്തമുണ്ട്. സി.പി.എം. ജില്ലാകമ്മിറ്റി വിറ്റ കാര്‍ അബ്കാരി ബന്ധമുള്ള ഭരണകക്ഷി നേതാവ് മദ്യക്കടത്തിന് ഉപയോഗിച്ചിരുന്നതും പരസ്യമായ രഹസ്യം. കൊല്ലത്ത് അടുത്തിടെ സ്പിരിറ്റ് പിടിച്ചത് സി.പി.എമ്മില്‍ വന്‍കോലാഹലമാണ് ഉണ്ടാക്കിയത്.
നമുക്ക് പ്രാര്‍ഥിക്കാം, ദൈവം രക്ഷിക്കട്ടെ
ഈയിടെ എകൈ്‌സസ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അനന്തരം നടന്ന സംഗതികളെപ്പറ്റി കേട്ടാല്‍ ഈ വകുപ്പിനെയും കള്ളുകുടിയന്‍മാരെയും രക്ഷിക്കാന്‍ നമുക്കും ദൈവത്തോട് പ്രാര്‍ഥിക്കേണ്ടിവരും. മധ്യകേരളത്തിലെ ഒരു ജില്ലയിലെ എട്ടുറെയ്ഞ്ചുകള്‍ വിഷക്കള്ളിന്റെ കേന്ദ്രങ്ങളാണെന്നും സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആഹ്വാനമുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ആ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കമ്മീഷണറേറ്റില്‍ നിന്ന് അര്‍ധ ഔദ്യോഗിക കത്തുപോയി. അദ്ദേഹം തന്റെ കീഴുദ്യോഗസ്ഥര്‍ക്കെല്ലാം കത്തയച്ചു. കുഴപ്പങ്ങളൊന്നും ഉണ്ടാകാതെനോക്കണമെന്ന് എല്ലാവരെയും അദ്ദേഹം ഉപദേശിച്ചു. കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഒരു മാര്‍ഗവും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു. മറ്റൊന്നുമല്ല, കൂട്ടപ്രാര്‍ഥന. ഒന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം എന്ന വചനത്തോടെ അവസാനിക്കുന്ന കത്ത് എകൈ്‌സസ് വകുപ്പിന്റെ ചരിത്രത്തിലേക്ക് വിലപിടിച്ച രേഖയായി മാറിക്കഴിഞ്ഞു.
ഭരണപക്ഷ യൂണിയന്‍ നേതാക്കളുടെ നിഴലുകള്‍ ആവേശിച്ചാല്‍ എന്ത് രഹസ്യസന്ദേശം കിട്ടിയാലും സാരമില്ലെന്നേ ചില ഉദ്യോഗസ്ഥര്‍ പറയൂ. നാട്ടില്‍പാട്ടായാലും ഇത്തരക്കാര്‍ കാര്യങ്ങളൊന്നും അറിയില്ല. അങ്കമാലി ബസ് സ്റ്റാന്‍ഡിനടുത്ത് പാടത്തെ കലക്കുകേന്ദ്രത്തിനെക്കുറിച്ച് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞിട്ടും ആദ്യം അറിയേണ്ട മേഖലാതല ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. (അവിടെ മോട്ടോര്‍, പമ്പ് സെറ്റ് തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിലാണ് കള്ളുകലക്കിക്കൊണ്ടിരുന്നത്.)
വകുപ്പിലെ ഉന്നതര്‍ റെയ്ഡ് തീരുമാനിച്ചാല്‍ എങ്ങനെയും വിഷക്കള്ള് ലോബി അതറിഞ്ഞിരിക്കും. ഷാപ്പുനടത്തിപ്പുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ജില്ലാതല സ്‌ക്വാഡുകളില്‍ വരെ ചാരക്കണ്ണികളുണ്ട്. ഇതിന് വന്‍തുകയാണ് പ്രത്യുപകാരം ലഭിക്കുന്നത്. ചില റെയ്ഞ്ചുകളില്‍ വകുപ്പിന്റെ വാഹനത്തില്‍ സ്പിരിറ്റ്ലോബിയുടെ ഏജന്റിനെയും കൂട്ടിയാണ് റെയ്ഡിന് പോകുക. കമ്മീഷണറുടെ സന്ദര്‍ശനവിവരം മുന്‍കൂട്ടി അറിഞ്ഞ് അദ്ദേഹത്തിന്റെ വാഹനത്തിന് പിന്നാലെ ഏജന്റുമാരെ വിടും. കമ്മീഷണറുടെ പോക്കിനെപ്പറ്റി യഥാസമയം വിവരം വിഷക്കള്ള് ലോബിക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. റെയ്ഡ് അട്ടിമറിക്കാന്‍ പിന്നെ ഇവര്‍ കൂട്ടായ പ്രവര്‍ത്തനം കാഴ്ചവെക്കും.
ഇനി വേണ്ട, പച്ചക്കള്ളം
2006 ജൂലായ് 12. എകൈ്‌സസ് ഉദ്യോഗസ്ഥനായ ജയകുമാറിന്റെ ജീവിതം തകര്‍ന്ന ദിവസം, ഈ കറുത്തദിവസം അദ്ദേഹം ഒരിക്കലും മറന്നുകൂടാത്തതാണ്. പക്ഷേ, അന്ന് സംഭവിച്ചതൊന്നും ഓര്‍മയില്ല. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. അന്ന് റെയ്ഡിനിടെ തലയ്ക്കടിയേറ്റ ജയകുമാറിന്റെ ഓര്‍മ നശിച്ചുപോയി. അബ്കാരി-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ജയകുമാറിന്റെ ജീവിതം പുനര്‍ജന്മമാണ്.
കായംകുളത്ത് എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു അന്ന് ജയകുമാര്‍. കരീലക്കുളങ്ങരയില്‍ ഒരു വീട്ടില്‍ സ്പിരിറ്റ് ശേഖരമുണ്ടെന്നറിഞ്ഞ് റെയ്ഡിനെത്തി. സി.പി.എമ്മിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുടെ ബന്ധുവീടായിരുന്നു അത്. റെയ്ഡ് തടയാന്‍ വന്‍പട തന്നെ അവിടെയെത്തി. ഒരാള്‍ മേശയുടെ കാലൂരി ജയകുമാറിന്റെ തലയ്ക്കടിച്ചു. അന്ന് മറഞ്ഞ ബോധം തിരിച്ചുകിട്ടിയത് മാസങ്ങള്‍ കഴിഞ്ഞ്. ഇപ്പോഴും ചികിത്സയില്‍. നേരേ നടക്കാന്‍ പോലുമാവുന്നില്ല. ഇതിനിടെ പ്രൊമോഷന്‍ കിട്ടി. ഇപ്പോള്‍ തിരുവനന്തപുരത്ത് എകൈ്‌സസ് കമ്മീഷണറേറ്റില്‍ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണറാണ്. ''അന്ന് നടന്നതൊന്നും എനിക്ക് ഓര്‍മയില്ല. മരിച്ചു ജീവിക്കുന്നവനാണ് ഞാന്‍. കുറച്ചുകാലം കൂടി ഇങ്ങനെ ജീവിച്ചുപോകുമായിരിക്കും. അടികൊണ്ട് തലച്ചോറിന്റെ ഒരുഭാഗം പോയില്ലേ'' -വിറയാര്‍ന്ന സ്വരത്തില്‍ ജയകുമാര്‍ പറയുന്നു.
വിഷക്കള്ളുലോബിയെ തൊട്ടാല്‍ അസാമാന്യ ഐക്യത്തോടെയാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുക. തൊഴിലാളി സംരക്ഷണത്തിന്റെ മറവിലാണ് നിറം മറന്ന ഈ കൂട്ടുകെട്ട്. ഈയിടെ പാലക്കാട്ട് ഒരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റിനുപകരം പിടിച്ചെടുത്തത് വൈറ്റ് റം. കമ്മീഷണറുടെ നേരിട്ടുള്ള റെയ്ഡായിരുന്നു. പക്ഷേ, തൊഴിലാളികളെ അറസ്റ്റ്‌ചെയ്തുകൊണ്ടുപോകാന്‍ സമ്മതിച്ചില്ല. 'നാട്ടുകാരുടെ' ഐക്യത്തോടെയുള്ള ചെറുത്തുനില്‍പ്പ്. ആദ്യം മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍. പിന്നാലെ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍. ഇതോടെ കമ്മീഷണര്‍ ഒരു തീരുമാനത്തിലെത്തി. ഇനിമേല്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്യേണ്ടതില്ല. മുതലാളിക്കുവേണ്ടി കലക്കുന്ന തൊഴിലാളി അറസ്റ്റ് ചെയ്യപ്പെടുകയും മുതലാളി രക്ഷപ്പെടുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നാണ് കമ്മീഷണറുടെ ചോദ്യം. മുതലാളിക്കെതിരെ കേസെടുക്കുകയും ചെയ്തു.
ജയകുമാറിന് തലയ്ക്കടിയേറ്റ കരീലക്കുളങ്ങരയില്‍ നിന്ന് പിന്നീട് സ്പിരിറ്റുകടത്ത് പിടിച്ചപ്പോള്‍ വണ്ടിയോടിച്ചിരുന്നത് സി.പി.എം. ജില്ലാകമ്മിറ്റിയംഗത്തിന്റെ മകന്‍. സംഭവത്തെത്തുടര്‍ന്ന് കൗണ്‍സിലര്‍ കൂടിയായ ജില്ലാകമ്മിറ്റിയംഗം ഡി. രാധാകൃഷ്ണനെ പുറത്താക്കി പാര്‍ട്ടി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഇപ്പോഴും കൊല്ലത്തെ സ്പിരിറ്റ് ലോബിയുടെ പ്രവര്‍ത്തനം ഭരണകക്ഷിയില്‍ ചിലരുടെ ഒത്താശയോടെയാണെന്നത് പരസ്യമായ രഹസ്യം. ഉദ്യോഗസ്ഥ, രാഷ്ട്രീയ തലങ്ങളില്‍ 30,000 രൂപ പടി കൊടുത്താല്‍ ഒരു ലോഡ് സ്പിരിറ്റ് കൊല്ലം പട്ടണത്തിലൂടെ നിര്‍ബാധം കടന്നുപോകുമത്രെ.
പൂട്ടിക്കെട്ടിയ മദ്യവിരുദ്ധ സ്‌ക്വാഡ്
മദ്യദുരന്തം വീണ്ടുമുണ്ടാകുമ്പോള്‍ ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച മദ്യവിരുദ്ധ സ്‌ക്വാഡിന്റെ അകാലചരമത്തെക്കുറിച്ച് ഓര്‍ക്കാതെ വയ്യ. കായംകുളത്തെയും പരിസരത്തെയും കള്ളുകലക്കല്‍ കേന്ദ്രങ്ങള്‍ റെയ്ഡുചെയ്തുകൊണ്ടാണ് ഈ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് മുക്കില്‍ 18,000 ലിറ്റര്‍ കലക്കുകള്ളാണ് 2008 ജനവരിയില്‍ പിടിച്ചെടുത്തത്. റെയ്ഡുകള്‍ തുടര്‍ന്നപ്പോള്‍ കള്ളുഷാപ്പില്‍തൊട്ടുള്ള കളി വേണ്ടെന്ന സന്ദേശം നല്‍കിക്കൊണ്ട് ഷാപ്പുടമകള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു സമുദായ നേതാവ്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും റെയ്ഡുമായി സഹകരിക്കേണ്ടെന്ന് ലോക്കല്‍ പോലീസിന് നിര്‍ദേശവും ലഭിച്ചു. അന്ന് മധ്യമേഖലാ ഐ.ജി. ആയിരുന്ന വിന്‍സന്‍ എം. പോള്‍ ആലപ്പുഴയില്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. ഇതോടെ സ്‌ക്വാഡ് പൂട്ടിക്കെട്ടി. വിഷക്കള്ള് പിടിച്ച രഹസ്യകേന്ദ്രങ്ങളില്‍ വീണ്ടും കള്ള് കലക്കിത്തുടങ്ങി.
എകൈ്‌സസ് വകുപ്പില്‍ സി.ഐ. തൊട്ട് മുകളിലുള്ള ഉദ്യോഗസ്ഥരൊക്കെ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എന്തൊക്കെ സംഭവിച്ചാലും ഇവര്‍ക്ക് ഇളക്കമുണ്ടാവുന്നത് അപൂര്‍വം. കുറ്റിപ്പുറം ദുരന്തത്തെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് കമ്മീഷണറാകട്ടെ അപൂര്‍വമായ ഹാട്രിക്കിന് ഉടമയാണിപ്പോള്‍. ഇതിനുമുമ്പ് കല്ലുവാതുക്കല്‍, ആവണീശ്വരം എന്നിവിടങ്ങളിലെ മദ്യദുരന്തങ്ങളെത്തുടര്‍ന്ന് രണ്ടുതവണ ഇദ്ദേഹം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ആവണീശ്വരം ദുരന്തമുണ്ടായപ്പോഴാകട്ടെ ജില്ലയിലെ ഉന്നതനെതിരെ നടപടി ഉണ്ടായതുമില്ല. ഒരിക്കല്‍ നടപടി നേരിട്ടാലും വേണ്ടപ്പെട്ടവര്‍ക്ക് വീണ്ടും നിര്‍ണായകസ്ഥാനങ്ങളില്‍ത്തന്നെ നിയമനം ലഭിക്കും.
കള്ളിന്റെ കള്ളം ഇനിയും തുടരണോ...?
ഉത്പാദിപ്പിക്കുന്നതിന്റെ പലമടങ്ങ് വിഷക്കള്ളുണ്ടാക്കി വിറ്റ് കള്ളുവ്യവസായ മേഖലയെ നിലനിര്‍ത്തുന്നതിന് പറയുന്ന ന്യായം പരമ്പരാഗത തൊഴില്‍മേഖലയുടെ സംരക്ഷണമെന്നാണ്. എന്നാല്‍ കള്ള് വ്യവസായത്തെ ഇങ്ങനെ പ്രാകൃതമായിത്തന്നെ നിലനിര്‍ത്തണമെന്ന വാശി ഈ മേഖലയില്‍ നിന്ന് അവിഹിത ലാഭം കൊയ്യുന്ന മാഫിയയുടേതാണ്. ഈ മേഖല നവീകരിക്കാന്‍ കാലാകാലമുയര്‍ന്ന നിര്‍ദേശങ്ങളൊക്കെ അവഗണിക്കപ്പെട്ടു. മധുരക്കള്ള് അഥവാ, നീര ചെത്താന്‍ അനുവദിക്കണമെന്നായിരുന്നു എ.പി. ഉദയഭാനു കമ്മീഷന്റെ പ്രധാന ശുപാര്‍ശ. അനാവശ്യ ഷാപ്പുകള്‍ പാടില്ലെന്നും ശുപാര്‍ശയുണ്ടായിരുന്നു. നിയമത്തില്‍ ഇതിന് വലിയ തടസ്സമൊന്നുമില്ലെങ്കിലും ഇത് പ്രായോഗികമായും ദുരുപയോഗസാധ്യതകള്‍ അടച്ചും നടപ്പാക്കുന്നതിനെക്കുറിച്ച് ചിന്തയില്ല. കള്ളുപയോഗിച്ച് തമിഴ്‌നാട്ടില്‍വരെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കേരളം ഇപ്പോഴും അതിന് മടിച്ചുനില്‍ക്കുന്നു.
പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാനാണെന്നു വാദിക്കുമ്പോഴും ഈ മേഖലയെപ്പറ്റി ശാസ്ത്രീയപഠനങ്ങളൊന്നും നടന്നിട്ടില്ല. എത്ര തൊഴിലാളികള്‍ ഉണ്ടെന്നതിന് കണക്കില്ല. കേരള കള്ളുതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ഇതുവരെ 39,795 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ചെത്തുതൊഴിലാളികള്‍ ഏകദേശം 29,000 പേര്‍ വരും. ബോര്‍ഡിന്റെ 13 ഓഫീസുകളിലായി അംഗത്വഅപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. എങ്കില്‍പ്പോലും തൊഴിലാളികളുടെ എണ്ണം 45,000-ത്തിലധികം വരില്ലെന്ന് ഈ മേഖലയിലുള്ളവര്‍ കരുതുന്നു. കര്‍ശനപരിശോധനയിലൂടെ തൊഴിലാളിയാണെന്ന് ഉറപ്പുവരുത്തിയിട്ടേ അംഗത്വം കൊടുക്കാറുള്ളൂവെന്ന് ക്ഷേമനിധി അധികൃതര്‍ അവകാശപ്പെടുന്നു. എങ്കിലും ഇതിലും തട്ടിപ്പുണ്ട്. ഒരിക്കല്‍ തൊഴിലാളിയായിരുന്ന ഒരു നേതാവിന്റെ പേരില്‍ തിരുവനന്തപുരം ജില്ലയില്‍ ക്ഷേമനിധി വിഹിതം എത്തിയത് വിവാദമായിരുന്നു.
ഒരു ഇടതുപക്ഷ യൂണിയന്റെ നേതാവാണ് ഇദ്ദേഹം. തൊഴിലാളികള്‍ക്ക് ഷാപ്പില്‍ കിട്ടുന്ന വേതനത്തിന് ആനുപാതികമായാണ് ക്ഷേമനിധിയിലെ വിഹിതം വളരുന്നത്. ചെത്താത്ത ഈ തൊഴിലാളിയുടെ പേരില്‍ 2007-'08ല്‍ 40,900 രൂപയും 2008-'09ല്‍ 40,973 രൂപയും എത്തി. ഒരു ഷാപ്പില്‍ കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് നിയമം. ഇതിന്റെ മറവില്‍ രംഗത്തില്ലാത്ത തൊഴിലാളികളുടെ പേരിലും ക്ഷേമനിധി അടയ്ക്കുന്നുണ്ട്. കേരളത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും കള്ളുകൊണ്ടുവരുന്ന ചിറ്റൂരില്‍ 1,300-ഓളം തൊഴിലാളികളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ഉള്‍പ്പെടെ ചെത്തുതൊഴിലാളികള്‍ കൂടുതലുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ചെത്തിന്റെ പ്രതാപകാലം അസ്തമിച്ചു. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിയിട്ടും കൂടുതല്‍ ഷാപ്പുകള്‍ അനുവദിക്കുകയും കൂടുതല്‍ വിഷക്കള്ള് ഒഴുകാന്‍ സാഹചര്യമുണ്ടാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. തൊഴിലാളി സ്‌നേഹം മൂത്ത് ഷാപ്പിന്റെ ലേലത്തുകയായ കിസ്തില്‍ 20 ശതമാനം കുറവും വരുത്തി, എങ്ങനെയെങ്കിലും ഷാപ്പുകള്‍ ഏറ്റെടുപ്പിച്ച് നടത്തിക്കണം എന്ന വാശിയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇതിന്റെയെല്ലാം ആനുകൂല്യങ്ങളും അവസരങ്ങളും മുതലാക്കിയത് വിഷക്കള്ള് ലോബിയും.
സര്‍ക്കാറിനെന്താ കള്ളുതൊട്ടാല്‍..!
വര്‍ഷം ഏതാണ്ട് 300 കോടിയുടെ വിഷക്കള്ളാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. എന്നാല്‍ സര്‍ക്കാറിന് കള്ളില്‍ നിന്നുള്ള വരുമാനം എത്രയെന്നോ? വെറും 25 കോടി. ഇതില്‍ 24 കോടി, ഷാപ്പുകള്‍ ലേലംചെയ്ത് കിട്ടുന്നതാണ്. ശേഷിക്കുന്ന ഒരുകോടി, ചെത്തുന്ന തെങ്ങുകള്‍ക്ക് അടയ്ക്കുന്ന കരമാണ്. കള്ളിന് നികുതിയില്ല. നികുതിവരുമാനം കൂട്ടാനാണ് സര്‍ക്കാര്‍ വിദേശമദ്യ വില്പനയെ പ്രോത്സാഹിപ്പിക്കുന്നതെങ്കില്‍ കള്ളിനെ പ്രോത്സാഹിപ്പിക്കുന്നത് അതിനല്ലെന്ന് വ്യക്തം. കള്ളുവ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ കണ്ണടച്ച് ഇരുട്ടാക്കുന്നു. ഫലത്തില്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ലാത്ത മേഖലയാണിത്. ദുരന്തം ഏതു നിമിഷവും ഉണ്ടാവാം.
ഈ വര്‍ഷം മെയില്‍ എകൈ്‌സസ് കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു. വിഷക്കള്ള് ഒഴുകുന്നത് തടയാന്‍ കള്ളുകച്ചവടം പൂര്‍ണമായി പരിഷ്‌കരിക്കണമെന്നായിരുന്നു കത്തിലെ നിര്‍ദേശം. കള്ള് ചെത്താനും വില്‍ക്കാനുമായി ബിവറേജസ് കോര്‍പ്പറേഷന്റെ മാതൃകയില്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുക, കള്ളുഷാപ്പുകളുടെ നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തിലാക്കുക, കള്ള് കുപ്പിയിലാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാക്കുക എന്നിങ്ങനെ ഏതെങ്കിലും മാര്‍ഗം സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ആളുകള്‍ വിഷക്കള്ളുകുടിച്ച് മരിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പരിഷ്‌കരണത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്‍ക്കും അമാന്തം. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇനിയെങ്കിലും ഈ മേഖലയുടെ നവീകരണത്തിനും ഷാപ്പുകള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. റിപ്പോര്‍ട്ടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുംമേല്‍ ഇനിയും അടയിരുന്നാല്‍ അടുത്ത ദുരന്തം ദൂരെയല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ