2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ഈ ചൂതാട്ടം അവസാനിപ്പിച്ചേ പറ്റൂ

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറി നിരോധിക്കാന്‍ തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുകാണുന്നു. സര്‍വകക്ഷികളും ചേര്‍ന്നാണ് നിയമസഭയില്‍ ലോട്ടറി നിയമം പാസാക്കിയത് എന്നതുകൊണ്ട് നിരോധത്തിനും സമയം കൂടിയേ തീരൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോട്ടറി കേരളത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തോട് ധനമന്ത്രി യോജിക്കുകയും ചെയ്തു. പക്ഷേ, ലോട്ടറികൊണ്ട് ജീവിക്കുന്ന രണ്ടുലക്ഷം പേരുണ്ടെന്നതാണ് നിരോധത്തിന് അദ്ദേഹം കാണുന്ന തടസ്സം. എന്നാലും ജനങ്ങള്‍ ലോട്ടറിക്ക് അടിമപ്പെടാന്‍ പാടില്ലെന്ന അഭിപ്രായവും ധനമന്ത്രിക്കുണ്ട്. വര്‍ധിച്ച മദ്യാസക്തിയും അന്യസംസ്ഥാന ലോട്ടറിഭ്രമവും ഒരു സാമൂഹിക രോഗംപോലെ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്ന് മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സിക്കിമിന്റെയും ഭൂട്ടാന്റെയും ഔദ്യോഗികാംഗീകാരത്തോടെ എന്ന പേരില്‍ വലിയ ചൂതാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി.

രാജ്യത്താദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ലോട്ടറി ആരംഭിച്ചത് 1967ലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്‍മെന്റാണ്. അന്നുതന്നെ ഇത് ചൂതാട്ടത്തിന്റെ വകഭേദമല്ലാതെ മറ്റൊന്നുമല്ലെന്നും സോവിയറ്റ് യൂനിയനില്‍ വി.ഐ. ലെനിന്‍പോലും തള്ളിപ്പറഞ്ഞ ലോട്ടറിയെ കേരളത്തില്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു സര്‍ക്കാര്‍ ശ്രമിക്കരുതെന്നും മനുഷ്യസ്‌നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. വേദനിപ്പിക്കാതെ പണം പിടുങ്ങാനുള്ള കുറുക്കുവഴി എന്നുപറഞ്ഞ് അന്നതിനെ ന്യായീകരിക്കുകയാണ് സര്‍ക്കാറില്‍ പങ്കാളികളായ മുസ്‌ലിംലീഗ് പോലും ചെയ്തത്.

പൊതുക്ഷേമത്തിനായി ചെലവഴിക്കുമെന്ന അവകാശവാദത്തോടെ ആദ്യ വര്‍ഷം സര്‍ക്കാറിന് കിട്ടിയത് 14 ലക്ഷം രൂപയുടെ ലാഭമാണ്. ഇന്നോ? 2008-09 വര്‍ഷത്തെ ലോട്ടറി വകയിലെ വിറ്റുവരവ് 487.57 കോടിയും ലാഭം 104.23 കോടിയുമാണ്. അതേയവസരത്തില്‍ പ്രതിമാസം മലയാളി ലോട്ടറിക്ക് ചെലവിടുന്നത് 750 കോടിയും. അതായത് സര്‍ക്കാറിന് പ്രതിവര്‍ഷം വെറും 104.23 കോടി ലാഭമുണ്ടാക്കാന്‍ വേണ്ടി 9000 കോടിയുടെ അന്യസംസ്ഥാന ലോട്ടറി ഇടപാട് അനുവദിക്കേണ്ടി വരുന്നു. സൂക്ഷ്മമായ കണക്കില്‍ 10,000 കോടിയെങ്കിലും അന്യസംസ്ഥാന ലോട്ടറികളും വ്യാജ ലോട്ടറികളും ചേര്‍ന്ന് കേരളത്തില്‍നിന്ന് വര്‍ഷംതോറും ഊറ്റിയെടുക്കുന്നുണ്ട്. കേവലം സാധാരണക്കാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും ദരിദ്രന്മാരും പട്ടിണിക്കാരുമാണ് ലോട്ടറി വില്‍പനക്കാരുടെ വലയില്‍ വീഴുന്ന ഇരകളില്‍ മഹാഭൂരിഭാഗവുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. മുഖ്യമന്ത്രിതന്നെ സമ്മതിച്ചപോലെ ഇത് മാരക രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോട്ടറി ടിക്കറ്റെടുത്തു മുടിഞ്ഞവരുടെയും ആത്മഹത്യ ചെയ്തവരുടെയും എണ്ണം വര്‍ധിച്ചുവരുന്നു. ചൂതാട്ടത്തിലേര്‍പ്പെട്ട് അത് ദിനചര്യയായി മാറിയ നിര്‍ഭാഗ്യവാന്മാരുടെ പട്ടികയിലാണ് ലോട്ടറി ഭ്രാന്തന്മാരും സ്ഥലംപിടിക്കുന്നത്. അതുകൊണ്ടാണ് പ്രത്യുല്‍പാദനപരമല്ലാത്ത ഈ ധനാഗമന മാര്‍ഗം നിഷിദ്ധമാണെന്ന് വിവേകശാലികള്‍ ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം നികുതി വെട്ടിപ്പുകാരുടെയും വ്യാജന്മാരുടെയും മഹാകളരിയായി മാറിയിരിക്കുന്നു കേരളത്തില്‍ ലോട്ടറി. കുപ്രസിദ്ധനായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ഈ രംഗത്തെ വമ്പന്മാര്‍. അവര്‍ സ്വന്തമായിത്തന്നെ ലോട്ടറി ടിക്കറ്റുകള്‍ അടിച്ചു വില്‍ക്കുകയാണെന്ന പരാതി ശക്തമാണ്. മുഖ്യ ഭരണകക്ഷിയുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ട് ഈ ദിശയില്‍ ഒരന്വേഷണവും നടക്കുന്നില്ല. അവിഹിതമായി സമ്പാദിക്കുന്ന കോടികളില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടിക്ക് കൊടുത്താല്‍ പിന്നെ ആരെ ഭയപ്പെടാന്‍? നഗ്‌നവും ക്രൂരവുമായ ഈ ചൂതാട്ട വ്യവസായത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ രംഗത്തുവന്നപ്പോള്‍ കേന്ദ്രത്തിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മറ്റെല്ലാറ്റിലുംപോലെ ഇതിലും രാഷ്ട്രീയം കടന്നുകയറിയാല്‍ പിന്നെ വേറെ രക്ഷാമാര്‍ഗം തെരയേണ്ടല്ലോ. വാസ്തവത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ഉത്തരവാദികളാണ് ഈ ചൂതാട്ട ദേശസാത്കരണത്തില്‍. ലോട്ടറിയില്‍ ഒറിജിനലും വ്യാജനും ഇല്ല എന്ന സത്യമാണ് ആദ്യമായി തിരിച്ചറിയേണ്ടത്. സര്‍ക്കാര്‍ ലോട്ടറി പരിശുദ്ധമായ ഒറിജിനലും, നികുതി വെട്ടിപ്പ് നടത്തി സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നത് വ്യാജനും എന്നില്ല. ജനങ്ങളില്‍ ദുരയും ലോഭവും വളര്‍ത്തി അവരെ സ്വപ്‌നലോകത്തേക്ക് കൊണ്ടുപോവുന്ന ലോട്ടറി ആര് നടത്തിയാലും അത് ചൂതാട്ടമാണ്. അത് നിര്‍ബന്ധമായും നിരോധിച്ചേ പറ്റൂ.

മദ്യനിരോധത്തെ എതിര്‍ക്കാന്‍ ചെത്തുതൊഴിലാളി പ്രശ്‌നം ഉന്നയിക്കുന്നപോലെ ലോട്ടറിയുടെ കാര്യത്തിലും തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാവുന്ന കാര്യമാണ് തടസ്സവാദമായി ഉന്നയിക്കുന്നത്. യഥാര്‍ഥത്തില്‍ വര്‍ത്തമാനകാല കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടോ? മാന്യമായ ഒരു ജോലിക്കും ആരെയും കിട്ടാനില്ലാത്ത സാഹചര്യമാണിവിടെ. കൃഷി, വ്യവസായം, വ്യാപാരം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ ആള്‍ക്ഷാമംമൂലം അന്യസംസ്ഥാനങ്ങളെയാണ് തൊഴിലാളികള്‍ക്കു വേണ്ടി കേരളം ആശ്രയിക്കുന്നത്. കൃഷിയിലും നിര്‍മാണ മേഖലയിലുമൊക്കെ അതുപോലും പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു. വളരെ പഴയ കണക്കുപ്രകാരം പത്തുലക്ഷം അന്യ സംസ്ഥാനക്കാരുണ്ട് നമ്മുടെ തൊഴില്‍ മേഖലയില്‍. അവരുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയിലും അധികമാവാനാണ് സാധ്യത. പിന്നെ മദ്യം, ലോട്ടറി പോലുള്ള വിനാശകരമായ തൊഴില്‍തന്നെ വേണം മലയാളിക്ക് ജീവിക്കാന്‍ എന്നു വാദിക്കുന്നതില്‍ എന്തര്‍ഥം? ഇപ്പോഴാകട്ടെ കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പ് പദ്ധതിപോലും സംസ്ഥാനത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആളില്ല. അതിനാല്‍ ലോട്ടറി എന്ന ചൂതാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉടനടി നടപടിയെടുക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല.
Reported by Madhyamam
20th August 2010

പണം പിഴിയാന്‍ പുതു തന്ത്രങ്ങളുമായി ലോട്ടറി മാഫിയ

Posted on September 18, 2010 by sukeshini

കണ്ണൂര്‍: അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതോടെ പണം പിഴിയാന്‍ നഗരത്തിലെ ലോട്ടറി മാഫിയ പുതു തന്ത്രങ്ങളുമായി രംഗത്തെത്തി.

മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ വന്‍തോതില്‍ ഉപയോഗിച്ചാണു ചൂതാട്ടത്തിന്റെ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. ഏറ്റവും വില കുറഞ്ഞ 10 രൂപയുടെ റീചാര്‍ജ് കൂപ്പണാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കാര്‍ഡിന്റെ നമ്പര്‍ ഭാഗം ചുരണ്ടുമ്പോള്‍ അവസാന അക്കം ഉപഭോക്താവ് പറയുന്ന അതേ നമ്പറാണെങ്കില്‍ ഒരു കാര്‍ഡിന് 80 രൂപ ലഭിക്കും. 100 രൂപയ്ക്കു 10 ടിക്കറ്റുകള്‍ വീതമാണ് സാധാരണയായി തൊഴിലാളികള്‍ വാങ്ങുന്നത്. ഇതില്‍ പത്ത് ടിക്കറ്റിലും ഇഷ്ട നമ്പറാണെങ്കില്‍ ഇയാള്‍ക്ക് ആകെ 800 രൂപ ലഭിക്കും. ഒറ്റ കാര്‍ഡില്‍ പോലും നമ്പറില്ലെങ്കില്‍ 100 രൂപയും നഷ്ടമാകും.

അനധികൃത ബങ്കിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ‘ഓന്ത് എന്നു വിളിപ്പേരുള്ള വ്യക്തിയാണു നഗരത്തില്‍ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നതത്രെ. ഇയാളുടെ കടകളിലും കാല്‍ടെക്സ് ജംക്ഷനിലെ ഏതാനും കടകളിലും ഇത്തരം കാര്‍ഡ് ലോട്ടറികള്‍ വ്യാപകമാണ്. രാവിലെ മുതല്‍ നൂറുകണക്കിന് തൊഴിലാളികളാണ് കാര്‍ഡ് ലോട്ടറിക്കായി കടകള്‍ക്കു മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. ചെറുപ്പക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ദിവസവും ആയിരം രൂപയ്ക്കു വരെ കാര്‍ഡ് വാങ്ങുന്നവരുണ്ട്. പരിചയക്കാര്‍ക്കു മാത്രമാണ് ഇത്തരം കാര്‍ഡ് ലോട്ടറികള്‍ ലഭിക്കൂ.അപരിചിതരായ ആരെങ്കിലും കടകളില്‍ എത്തിയാല്‍ ഇത്തരമൊരു സംഭവം ഉള്ളതായി പോലും ഭാവിക്കില്ല. കേട്ടറിഞ്ഞ് എത്തുന്നവരാണെങ്കിലും അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് കാര്‍ഡ് നല്‍കുക.

ലോട്ടറികളെ പോലെ നറുക്കെടുപ്പിന്റെ കാലതാമസമില്ലാത്തതിനാല്‍ ലോട്ടറി ശീലമുള്ളവരെ എളുപ്പത്തിന് ഇതിന് അടിമകളാക്കാം. എല്ലാ മൊബൈല്‍ കമ്പനികളുടെയും റീചാര്‍ജ് കാര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പലതും മൊബൈല്‍ റീചാര്‍ജ് കൂപ്പണും സ്റ്റേഷനറി സാധനങ്ങളും വില്‍ക്കുന്ന കടകള്‍ ആയതിനാല്‍ വന്‍തോതില്‍ കാര്‍ഡുകള്‍ വാങ്ങിക്കൂട്ടുമ്പോഴും അധികമാരും ശ്രദ്ധിക്കില്ല. അധികൃതരുടെ ശ്രദ്ധ ഇതിലേക്കു പതിയില്ലെന്ന് ഉറപ്പുള്ളതിനാലാണു പരസ്യമായി ഇത്തരം തട്ടിപ്പ് നടത്താന്‍ ചൂതാട്ട സംഘം ഇതിനു തയാറാകുന്നത്.

അന്യ സംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ് ഫലം ഓണ്‍ലൈനില്‍ ലഭ്യമല്ലാതായതാണ് പുതിയ രീതിയിലേക്കു തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഓണ്‍ലൈനില്‍ ഫലം ലഭിച്ചിരുന്ന സമയത്ത് കടലാസ് തുണ്ടില്‍ നമ്പര്‍ എഴുതി നല്‍കുന്ന രീതിയായിരുന്നു. ഓണ്‍ലൈന്‍ ഫലം വരാതായതോടെ ഇതു നിലച്ചു.

നഗരത്തിലെ വന്‍കിട ലോട്ടറി കച്ചവടക്കാര്‍ പുതിയ തട്ടിപ്പുകളിലേക്കു നീങ്ങുമ്പോള്‍ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമാകുകയാണ്. കേരള ലോട്ടറി വാങ്ങാന്‍ കിട്ടാത്ത അവസ്ഥയാണ്. ലോട്ടറി നിരോധനം വരുന്നതിനു മുന്‍പ് നറുക്കെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ലോട്ടറികള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആഴ്ചകള്‍ക്കു മുന്‍പു ലോട്ടറി വാങ്ങി സൂക്ഷിക്കേണ്ട സ്ഥിതിയാണ്. പാതി പണം മാത്രം മുന്‍കൂര്‍ നല്‍കി ഏജന്‍സിയില്‍ നിന്നു മുന്‍പു ലോട്ടറികള്‍ വാങ്ങിയിരുന്നവരുടെ കാര്യമാണു കൂടുതല്‍ കഷ്ടം. ഡിമാന്‍ഡ് കൂടിയതിനാല്‍ മുഴുവന്‍ പണവും നല്‍കാതെ ലോട്ടറി നല്‍കാന്‍ ഏജന്‍സി കള്‍ തയാറാകാത്തതാണ് ഇവരെ തളര്‍ത്തുന്നത്.

നൂറോ ഇരുനൂറോ രൂപ കൊണ്ട് ജീവിതം മുന്നോട്ടു തള്ളിനീക്കാനാകാതെ പാവം തൊഴിലാളികള്‍ വലയുമ്പോഴാണ് വന്‍കിടക്കാര്‍ അധികൃതരുടെ മൂക്കിന്‍ചുവട്ടില്‍ നിയമവിരുദ്ധമായ കൊള്ള നടത്തുന്നത്.

ലോട്ടറി: തെളിവ് ലഭിച്ചിട്ടും ധനമന്ത്രി നടപടി എടുക്കാത്തതെന്തെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ സംസ്ഥാനത്ത് അനധികൃതമായാണ് വില്‍പ്പന നടത്തിയതെന്ന് തെളിവ് ലഭിച്ചിട്ടും ധനമന്ത്രി നടപടിയെടുക്കാത്തതെന്തെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് തലയൂരലല്ല,
പകരം നടപടിയെടുക്കുകയാണ് വേണ്ടത്. 2006 മുതല്‍ ലോട്ടറി വിഷയത്തില്‍ ധനമന്ത്രി സ്വീകരിക്കുന്ന ഇത്തരം സമീപനത്തോടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തെളിവ് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ലോട്ടറി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കേന്ദ്രലോട്ടറി നിയമത്തിലെ സെക്ഷന്‍ നാലിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. എന്നിട്ടും നടപടിയെക്കുറിച്ച് ധനമന്ത്രി മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ 2005-ല്‍ കൊണ്ടുവന്ന ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ടില്‍, ഓണ്‍ലൈന്‍ ലോട്ടറി ഒഴികെ സെക്ഷന്‍ നാലിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ലോട്ടറികളെല്ലാം അനധികൃത ലോട്ടറികളാണെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലും സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ പിടി തോമസിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാണ്. പക്ഷെ ലോട്ടറി മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ധനമന്ത്രി മടിച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്ത് ലോട്ടറി ഓര്‍ഡിനന്‍സ് പാസാക്കിയിട്ട് ആഴ്ചകളായി. നടപടിയില്ലെങ്കില്‍ പിന്നെ ഓര്‍ഡിനന്‍സ് എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

നടപടി കേന്ദ്രത്തിന്റെ തലയില്‍ക്കെട്ടിവെച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ധനമന്ത്രി ഒഴിഞ്ഞുമാറുകയാണ്. ഇതുവരെ ലോട്ടറി വിഷയത്തില്‍ സംസ്ഥാനത്തിന് യാതൊരു അധികാരവുമില്ലെന്ന് പറഞ്ഞിരുന്ന ധനമന്ത്രി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് മറുപടി പറയണം. കേന്ദ്രനിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ചുതന്നെയാണ് ഓര്‍ഡിനന്‍സും തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ലോട്ടറി വില്‍പ്പനയും കൈരളി ചാനലിലെ പരസ്യവും നിലച്ചു. നേരത്തെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ശരിയായി നിര്‍വഹിച്ചില്ല എന്നതിന്റെ തെളിവാണത്. ഇപ്പോള്‍ ലഭിച്ചുവെന്ന് പറയുന്ന തെളിവുകള്‍ പുതിയതല്ല. 2006 ഒക്‌ടോബറില്‍ എഡിജിപി സിബി മാത്യൂസ് നേരത്തെ തന്നെ സര്‍ക്കാരിന് നല്‍കിയിരുന്നതാണ്.

അന്ന് ഒമ്പത് തെളിവുകള്‍ അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വിശദീകരിക്കണം -ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ലോട്ടറി വിഷയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം കൂടി ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം. എല്ലാം ജനങ്ങള്‍ അറിയട്ടെ. അതല്ലെങ്കില്‍ യുഡിഎഫിന്റെ കാലത്തെ ക്രമക്കേടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. അന്ന് ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു കേരളത്തിന്റെ ശാപം. കേന്ദ്രനിയമം അനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറി നടത്താമെന്നിരിക്കെ യുഡിഎഫ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി സംസ്ഥാനത്ത് നിരോധിക്കുകയായിരുന്നു. സ്വന്തംനില പരുങ്ങലിലായപ്പോള്‍ മറ്റുള്ളവരെ കൂട്ടുപിടിക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് യുഡിഎഫിനെതിരെയുള്ള ആരോപണം.

പിഴവ് കേന്ദ്രത്തിന്റേതാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്. ഇതുവരെ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞ ധനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല, പകരം നടപടിയാണ് വേണ്ടത്. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അന്ന് ഓര്‍ഡിനന്‍സ് ഇറക്കാതിരുന്നതിന്റെ കാരണം വിശദീകരിക്കണം. ഇപ്പോള്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് അറിഞ്ഞിട്ടും ഓര്‍ഡിനന്‍സ് നടപ്പാക്കുന്നില്ല. കത്തെഴുതല്‍ മാത്രമേയുള്ളുവെന്ന മറുപടി നാണക്കേടാണ്. കോടികളുടെ അഴിമതിയാണ് ലോട്ടറി ഇടപാടില്‍ നടന്നതെന്ന് ആര്‍ക്കാണറിയാത്തത്. അന്വേഷണം നടത്താത്തിടത്തോളം ജനങ്ങളുടെ സംശയം വര്‍ധിക്കുകയേയുള്ളൂ. ധനമന്ത്രി അന്വേഷണത്തിന് സമ്മതിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തുന്നത് വൈകാതെ കാണേണ്ടിവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്യസംസ്ഥാന ലോട്ടറി: നിരോധിക്കണമെങ്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും അതാവാം എം.ബി. സന്തോഷ്

കേരളാ കൌമുദി 1.9.2010
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാലും, സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാലും നിയമവിരുദ്ധമായി നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവും. കേന്ദ്രമാണോ സംസ്ഥാനമാണോ അന്യസംസ്ഥാന ലോട്ടറികളെ തടയേണ്ടതെന്ന തര്‍ക്കം പരസ്പരം പഴിചാരി നടപടി ഒഴിവാക്കാനാണെന്നാണ് നിഗമനം.

അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് 1998ലെ ലോട്ടറീസ് റഗുലേഷന്‍ ആക്ടില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ഇതേ നിയമംതന്നെ നിയമവിരുദ്ധമായി ലോട്ടറി നടത്തുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി എടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കിയിട്ടുണ്ട്.

കേന്ദ്ര ലോട്ടറിനിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കേ ലോട്ടറി നടത്താന്‍ അധികാരമുള്ളൂ. അതുതന്നെ ചില നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഈ നിയമത്തിലെ നാലാം വകുപ്പില്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍തന്നെ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കണം, നറുക്കെടുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് അതത് സംസ്ഥാനത്തുവച്ചുതന്നെ നടത്തണം, ടിക്കറ്റുകളുടെ വിറ്റുവരവ് അതത് ദിവസം സംസ്ഥാന ഖജനാവില്‍(ട്രഷറി) അടയ്ക്കണം, സമ്മാനം നല്‍കേണ്ടത് ഖജനാവില്‍നിന്നാവണം, ഒറ്റ നമ്പര്‍ ലോട്ടറി പാടില്ല എന്നിവ ആ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.

ഏതെങ്കിലും ഒരു സംസ്ഥാനത്തിന് വേണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നിരോധിക്കാമെന്ന് അഞ്ചാം വകുപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, സ്വന്തം ലോട്ടറി നടത്തുന്നവര്‍ക്ക് മറ്റ് സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനാവില്ല എന്ന് ഒരു കേസില്‍ സുപ്രീംകോടതി വിധിച്ചതോടെ ആ വകുപ്പ് പ്രയോഗിക്കാനാവാതായി.

നാലാം വകുപ്പിലെ നിബന്ധനകള്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികള്‍ പാലിക്കുന്നില്ലെന്ന് കണ്ടാല്‍ ആറാം വകുപ്പ് പ്രകാരം അവയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
ഈ നിയമത്തിലെ എട്ടാം വകുപ്പിലാണ് നിയമവിരുദ്ധ ലോട്ടറി നടത്തുന്നതോ വില്‍ക്കുന്നതോ വാങ്ങുന്നതോ ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ നടപടി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നത്. ഈ നിയമപ്രകാരം എടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിക്കില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ കേസില്‍ വിധിപറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നവരെ കേസെടുത്ത് അറസ്റ്റുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സുപ്രീംകോടതിയും അംഗീകരിക്കുകയുണ്ടായി. കഴിഞ്ഞ നവംബറിലായിരുന്നു ഈ വിധി.

ലോട്ടറി വിവാദം; വിഡി സതീശന്‍ തോമസ് ഐസക് തമ്മിലടി

തിരു: ­ലോട്ടറി വിവാദത്തില്‍ വി­ഡി സതീശന്‍ എംഎല്‍എ­യും ധനമന്ത്രി തോമസ് ഐസക്കും കൊമ്പുകോര്‍ക്കു­ന്നു. ലോട്ടറി വിവാദത്തില്‍ തോമസ് ഐസക് പരസ്യസംവാദത്തിന് ക്ഷണിച്ചത് ഉമ്മന്‍ചാണ്ടിയെ, അല്ലെങ്കില്‍ രമേശ് ചെന്നിത്ത­ലയെ ആയിരുന്നു. എന്നാല്‍ ഇതേറ്റുപിടിച്ചത് വി­ഡി സതീശന്‍ എംഎല്‍എ ആയിരുന്നു. ഇന്ന­ലെ വിഡി സതീശന്‍ എംഎല്‍എയ്ക്ക് തോമസ് ഐസക് പറഞ്ഞ മറുപടി, വിഡി സതീശന്‍ തനി­ക്കുള്ള എതിരാളിയല്ലെന്നും തന്റെ പ്രൈവറ്റ് സെ­ക്രട്ടറിയെ സംവാദത്തിനയയ്ക്കാമെന്നുമാണ്. സം­വാദം അധികം വൈകിക്കണ്ടെന്നും അടുത്ത തിങ്ക­ളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാകാമെ­ന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം ലോട്ടറി വിവാദത്തില്‍ തന്റെ അഡീഷണല്‍ സെക്രട്ടറി ഗോപകുമാറി­നെ സംവാദത്തിന് അയക്കാമെന്ന് പറഞ്ഞത് തന്നെ അപമാനിക്കാനാണെങ്കിലും താനത് ഏറ്റെ­ടുക്കുന്നതായി വിഡി സതീശന്‍ എംഎല്‍എ പറ­ഞ്ഞു. യുഡിഎഫ് തന്നെ ഏല്‍പ്പിച്ച ദൗത്യം ഏറ്റെ­ടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തോമ­സ് ഐസക് സംവാദത്തില്‍നിന്ന് ഒളിച്ചോടുകയാ­ണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളാ ലോട്ടറി നിരോധിക്കില്ലെന്ന്‌ ധനമന്ത്രി

Wednesday, 08 September 2010 08:28

േരളാ ലോട്ടറി ഒരു കാരണവശാലും നിരോധിക്കില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. നിയമാനുസൃതമായാണ്‌ കേരളാലോട്ടറി പ്രവര്‍ത്തിക്കുന്നത്‌. അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാനും സംസ്ഥാന ലോട്ടറി സംരക്ഷിക്കാനുമാണ്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ കൊണ്‌ടുവരുന്നത്‌. ഓര്‍ഡിനന്‍സിലെ മാറ്റം ചട്ടത്തില്‍ വേണ്‌ട, ആക്‌ടില്‍ മതിയെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ധനവകുപ്പ്‌ നിയമമുണ്‌ടാക്കും. ഇതുസംബന്ധിച്ച്‌ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ്‌ നല്‍കുന്നത്‌. പത്രപ്രവര്‍ത്തനം എന്നാല്‍ ഉപജാപമാണെന്നാണ്‌ ചിലര്‍ കരുതുന്നത്‌. എങ്ങനെ ആശയക്കുഴപ്പം ഉണ്‌ടാക്കാമെന്നാണ്‌ ചിലര്‍ നോക്കുന്നതെന്നും ഐസക്ക്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു.