Posted on September 18, 2010 by sukeshini
കണ്ണൂര്‍: അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതോടെ പണം പിഴിയാന്‍ നഗരത്തിലെ ലോട്ടറി മാഫിയ പുതു തന്ത്രങ്ങളുമായി രംഗത്തെത്തി.
മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ വന്‍തോതില്‍ ഉപയോഗിച്ചാണു ചൂതാട്ടത്തിന്റെ പുതിയ തന്ത്രം പരീക്ഷിക്കുന്നത്. ഏറ്റവും വില കുറഞ്ഞ 10 രൂപയുടെ റീചാര്‍ജ് കൂപ്പണാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കാര്‍ഡിന്റെ നമ്പര്‍ ഭാഗം ചുരണ്ടുമ്പോള്‍ അവസാന അക്കം ഉപഭോക്താവ് പറയുന്ന അതേ നമ്പറാണെങ്കില്‍ ഒരു കാര്‍ഡിന് 80 രൂപ ലഭിക്കും. 100 രൂപയ്ക്കു 10 ടിക്കറ്റുകള്‍ വീതമാണ് സാധാരണയായി തൊഴിലാളികള്‍ വാങ്ങുന്നത്. ഇതില്‍ പത്ത് ടിക്കറ്റിലും ഇഷ്ട നമ്പറാണെങ്കില്‍ ഇയാള്‍ക്ക് ആകെ 800 രൂപ ലഭിക്കും. ഒറ്റ കാര്‍ഡില്‍ പോലും നമ്പറില്ലെങ്കില്‍ 100 രൂപയും നഷ്ടമാകും.
അനധികൃത ബങ്കിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച ‘ഓന്ത് എന്നു വിളിപ്പേരുള്ള വ്യക്തിയാണു നഗരത്തില്‍ ഇതിന്റെ ചുക്കാന്‍ പിടിക്കുന്നതത്രെ. ഇയാളുടെ കടകളിലും കാല്‍ടെക്സ് ജംക്ഷനിലെ ഏതാനും കടകളിലും ഇത്തരം കാര്‍ഡ് ലോട്ടറികള്‍ വ്യാപകമാണ്. രാവിലെ മുതല്‍ നൂറുകണക്കിന് തൊഴിലാളികളാണ് കാര്‍ഡ് ലോട്ടറിക്കായി കടകള്‍ക്കു മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. ചെറുപ്പക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ദിവസവും ആയിരം രൂപയ്ക്കു വരെ കാര്‍ഡ് വാങ്ങുന്നവരുണ്ട്. പരിചയക്കാര്‍ക്കു മാത്രമാണ് ഇത്തരം കാര്‍ഡ് ലോട്ടറികള്‍ ലഭിക്കൂ.അപരിചിതരായ ആരെങ്കിലും കടകളില്‍ എത്തിയാല്‍ ഇത്തരമൊരു സംഭവം ഉള്ളതായി പോലും ഭാവിക്കില്ല. കേട്ടറിഞ്ഞ് എത്തുന്നവരാണെങ്കിലും അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാണ് കാര്‍ഡ് നല്‍കുക.
ലോട്ടറികളെ പോലെ നറുക്കെടുപ്പിന്റെ കാലതാമസമില്ലാത്തതിനാല്‍ ലോട്ടറി ശീലമുള്ളവരെ എളുപ്പത്തിന് ഇതിന് അടിമകളാക്കാം. എല്ലാ മൊബൈല്‍ കമ്പനികളുടെയും റീചാര്‍ജ് കാര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പലതും മൊബൈല്‍ റീചാര്‍ജ് കൂപ്പണും സ്റ്റേഷനറി സാധനങ്ങളും വില്‍ക്കുന്ന കടകള്‍ ആയതിനാല്‍ വന്‍തോതില്‍ കാര്‍ഡുകള്‍ വാങ്ങിക്കൂട്ടുമ്പോഴും അധികമാരും ശ്രദ്ധിക്കില്ല. അധികൃതരുടെ ശ്രദ്ധ ഇതിലേക്കു പതിയില്ലെന്ന് ഉറപ്പുള്ളതിനാലാണു പരസ്യമായി ഇത്തരം തട്ടിപ്പ് നടത്താന്‍ ചൂതാട്ട സംഘം ഇതിനു തയാറാകുന്നത്.
അന്യ സംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ് ഫലം ഓണ്‍ലൈനില്‍ ലഭ്യമല്ലാതായതാണ് പുതിയ രീതിയിലേക്കു തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഓണ്‍ലൈനില്‍ ഫലം ലഭിച്ചിരുന്ന സമയത്ത് കടലാസ് തുണ്ടില്‍ നമ്പര്‍ എഴുതി നല്‍കുന്ന രീതിയായിരുന്നു. ഓണ്‍ലൈന്‍ ഫലം വരാതായതോടെ ഇതു നിലച്ചു.
നഗരത്തിലെ വന്‍കിട ലോട്ടറി കച്ചവടക്കാര്‍ പുതിയ തട്ടിപ്പുകളിലേക്കു നീങ്ങുമ്പോള്‍ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമാകുകയാണ്. കേരള ലോട്ടറി വാങ്ങാന്‍ കിട്ടാത്ത അവസ്ഥയാണ്. ലോട്ടറി നിരോധനം വരുന്നതിനു മുന്‍പ് നറുക്കെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ലോട്ടറികള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആഴ്ചകള്‍ക്കു മുന്‍പു ലോട്ടറി വാങ്ങി സൂക്ഷിക്കേണ്ട സ്ഥിതിയാണ്. പാതി പണം മാത്രം മുന്‍കൂര്‍ നല്‍കി ഏജന്‍സിയില്‍ നിന്നു മുന്‍പു ലോട്ടറികള്‍ വാങ്ങിയിരുന്നവരുടെ കാര്യമാണു കൂടുതല്‍ കഷ്ടം. ഡിമാന്‍ഡ് കൂടിയതിനാല്‍ മുഴുവന്‍ പണവും നല്‍കാതെ ലോട്ടറി നല്‍കാന്‍ ഏജന്‍സി കള്‍ തയാറാകാത്തതാണ് ഇവരെ തളര്‍ത്തുന്നത്.
നൂറോ ഇരുനൂറോ രൂപ കൊണ്ട് ജീവിതം മുന്നോട്ടു തള്ളിനീക്കാനാകാതെ പാവം തൊഴിലാളികള്‍ വലയുമ്പോഴാണ് വന്‍കിടക്കാര്‍ അധികൃതരുടെ മൂക്കിന്‍ചുവട്ടില്‍ നിയമവിരുദ്ധമായ കൊള്ള നടത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ