2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ഈ ചൂതാട്ടം അവസാനിപ്പിച്ചേ പറ്റൂ

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലോട്ടറി നിരോധിക്കാന്‍ തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുകാണുന്നു. സര്‍വകക്ഷികളും ചേര്‍ന്നാണ് നിയമസഭയില്‍ ലോട്ടറി നിയമം പാസാക്കിയത് എന്നതുകൊണ്ട് നിരോധത്തിനും സമയം കൂടിയേ തീരൂ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോട്ടറി കേരളത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തോട് ധനമന്ത്രി യോജിക്കുകയും ചെയ്തു. പക്ഷേ, ലോട്ടറികൊണ്ട് ജീവിക്കുന്ന രണ്ടുലക്ഷം പേരുണ്ടെന്നതാണ് നിരോധത്തിന് അദ്ദേഹം കാണുന്ന തടസ്സം. എന്നാലും ജനങ്ങള്‍ ലോട്ടറിക്ക് അടിമപ്പെടാന്‍ പാടില്ലെന്ന അഭിപ്രായവും ധനമന്ത്രിക്കുണ്ട്. വര്‍ധിച്ച മദ്യാസക്തിയും അന്യസംസ്ഥാന ലോട്ടറിഭ്രമവും ഒരു സാമൂഹിക രോഗംപോലെ കേരളത്തെ കാര്‍ന്നുതിന്നുകയാണെന്ന് മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. സിക്കിമിന്റെയും ഭൂട്ടാന്റെയും ഔദ്യോഗികാംഗീകാരത്തോടെ എന്ന പേരില്‍ വലിയ ചൂതാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പരിതപിക്കുകയുണ്ടായി.

രാജ്യത്താദ്യമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ലോട്ടറി ആരംഭിച്ചത് 1967ലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി ഗവണ്‍മെന്റാണ്. അന്നുതന്നെ ഇത് ചൂതാട്ടത്തിന്റെ വകഭേദമല്ലാതെ മറ്റൊന്നുമല്ലെന്നും സോവിയറ്റ് യൂനിയനില്‍ വി.ഐ. ലെനിന്‍പോലും തള്ളിപ്പറഞ്ഞ ലോട്ടറിയെ കേരളത്തില്‍ നടപ്പാക്കാന്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഒരു സര്‍ക്കാര്‍ ശ്രമിക്കരുതെന്നും മനുഷ്യസ്‌നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. വേദനിപ്പിക്കാതെ പണം പിടുങ്ങാനുള്ള കുറുക്കുവഴി എന്നുപറഞ്ഞ് അന്നതിനെ ന്യായീകരിക്കുകയാണ് സര്‍ക്കാറില്‍ പങ്കാളികളായ മുസ്‌ലിംലീഗ് പോലും ചെയ്തത്.

പൊതുക്ഷേമത്തിനായി ചെലവഴിക്കുമെന്ന അവകാശവാദത്തോടെ ആദ്യ വര്‍ഷം സര്‍ക്കാറിന് കിട്ടിയത് 14 ലക്ഷം രൂപയുടെ ലാഭമാണ്. ഇന്നോ? 2008-09 വര്‍ഷത്തെ ലോട്ടറി വകയിലെ വിറ്റുവരവ് 487.57 കോടിയും ലാഭം 104.23 കോടിയുമാണ്. അതേയവസരത്തില്‍ പ്രതിമാസം മലയാളി ലോട്ടറിക്ക് ചെലവിടുന്നത് 750 കോടിയും. അതായത് സര്‍ക്കാറിന് പ്രതിവര്‍ഷം വെറും 104.23 കോടി ലാഭമുണ്ടാക്കാന്‍ വേണ്ടി 9000 കോടിയുടെ അന്യസംസ്ഥാന ലോട്ടറി ഇടപാട് അനുവദിക്കേണ്ടി വരുന്നു. സൂക്ഷ്മമായ കണക്കില്‍ 10,000 കോടിയെങ്കിലും അന്യസംസ്ഥാന ലോട്ടറികളും വ്യാജ ലോട്ടറികളും ചേര്‍ന്ന് കേരളത്തില്‍നിന്ന് വര്‍ഷംതോറും ഊറ്റിയെടുക്കുന്നുണ്ട്. കേവലം സാധാരണക്കാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും ദരിദ്രന്മാരും പട്ടിണിക്കാരുമാണ് ലോട്ടറി വില്‍പനക്കാരുടെ വലയില്‍ വീഴുന്ന ഇരകളില്‍ മഹാഭൂരിഭാഗവുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. മുഖ്യമന്ത്രിതന്നെ സമ്മതിച്ചപോലെ ഇത് മാരക രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലോട്ടറി ടിക്കറ്റെടുത്തു മുടിഞ്ഞവരുടെയും ആത്മഹത്യ ചെയ്തവരുടെയും എണ്ണം വര്‍ധിച്ചുവരുന്നു. ചൂതാട്ടത്തിലേര്‍പ്പെട്ട് അത് ദിനചര്യയായി മാറിയ നിര്‍ഭാഗ്യവാന്മാരുടെ പട്ടികയിലാണ് ലോട്ടറി ഭ്രാന്തന്മാരും സ്ഥലംപിടിക്കുന്നത്. അതുകൊണ്ടാണ് പ്രത്യുല്‍പാദനപരമല്ലാത്ത ഈ ധനാഗമന മാര്‍ഗം നിഷിദ്ധമാണെന്ന് വിവേകശാലികള്‍ ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം നികുതി വെട്ടിപ്പുകാരുടെയും വ്യാജന്മാരുടെയും മഹാകളരിയായി മാറിയിരിക്കുന്നു കേരളത്തില്‍ ലോട്ടറി. കുപ്രസിദ്ധനായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സാണ് ഈ രംഗത്തെ വമ്പന്മാര്‍. അവര്‍ സ്വന്തമായിത്തന്നെ ലോട്ടറി ടിക്കറ്റുകള്‍ അടിച്ചു വില്‍ക്കുകയാണെന്ന പരാതി ശക്തമാണ്. മുഖ്യ ഭരണകക്ഷിയുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ട് ഈ ദിശയില്‍ ഒരന്വേഷണവും നടക്കുന്നില്ല. അവിഹിതമായി സമ്പാദിക്കുന്ന കോടികളില്‍നിന്ന് ഒരു വിഹിതം പാര്‍ട്ടിക്ക് കൊടുത്താല്‍ പിന്നെ ആരെ ഭയപ്പെടാന്‍? നഗ്‌നവും ക്രൂരവുമായ ഈ ചൂതാട്ട വ്യവസായത്തിന്റെ നീരാളിപ്പിടിത്തത്തിനെതിരെ കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ രംഗത്തുവന്നപ്പോള്‍ കേന്ദ്രത്തിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മറ്റെല്ലാറ്റിലുംപോലെ ഇതിലും രാഷ്ട്രീയം കടന്നുകയറിയാല്‍ പിന്നെ വേറെ രക്ഷാമാര്‍ഗം തെരയേണ്ടല്ലോ. വാസ്തവത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ ഉത്തരവാദികളാണ് ഈ ചൂതാട്ട ദേശസാത്കരണത്തില്‍. ലോട്ടറിയില്‍ ഒറിജിനലും വ്യാജനും ഇല്ല എന്ന സത്യമാണ് ആദ്യമായി തിരിച്ചറിയേണ്ടത്. സര്‍ക്കാര്‍ ലോട്ടറി പരിശുദ്ധമായ ഒറിജിനലും, നികുതി വെട്ടിപ്പ് നടത്തി സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നത് വ്യാജനും എന്നില്ല. ജനങ്ങളില്‍ ദുരയും ലോഭവും വളര്‍ത്തി അവരെ സ്വപ്‌നലോകത്തേക്ക് കൊണ്ടുപോവുന്ന ലോട്ടറി ആര് നടത്തിയാലും അത് ചൂതാട്ടമാണ്. അത് നിര്‍ബന്ധമായും നിരോധിച്ചേ പറ്റൂ.

മദ്യനിരോധത്തെ എതിര്‍ക്കാന്‍ ചെത്തുതൊഴിലാളി പ്രശ്‌നം ഉന്നയിക്കുന്നപോലെ ലോട്ടറിയുടെ കാര്യത്തിലും തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാവുന്ന കാര്യമാണ് തടസ്സവാദമായി ഉന്നയിക്കുന്നത്. യഥാര്‍ഥത്തില്‍ വര്‍ത്തമാനകാല കേരളത്തില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടോ? മാന്യമായ ഒരു ജോലിക്കും ആരെയും കിട്ടാനില്ലാത്ത സാഹചര്യമാണിവിടെ. കൃഷി, വ്യവസായം, വ്യാപാരം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ ആള്‍ക്ഷാമംമൂലം അന്യസംസ്ഥാനങ്ങളെയാണ് തൊഴിലാളികള്‍ക്കു വേണ്ടി കേരളം ആശ്രയിക്കുന്നത്. കൃഷിയിലും നിര്‍മാണ മേഖലയിലുമൊക്കെ അതുപോലും പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു. വളരെ പഴയ കണക്കുപ്രകാരം പത്തുലക്ഷം അന്യ സംസ്ഥാനക്കാരുണ്ട് നമ്മുടെ തൊഴില്‍ മേഖലയില്‍. അവരുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയിലും അധികമാവാനാണ് സാധ്യത. പിന്നെ മദ്യം, ലോട്ടറി പോലുള്ള വിനാശകരമായ തൊഴില്‍തന്നെ വേണം മലയാളിക്ക് ജീവിക്കാന്‍ എന്നു വാദിക്കുന്നതില്‍ എന്തര്‍ഥം? ഇപ്പോഴാകട്ടെ കേന്ദ്രസര്‍ക്കാറിന്റെ തൊഴിലുറപ്പ് പദ്ധതിപോലും സംസ്ഥാനത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ ആളില്ല. അതിനാല്‍ ലോട്ടറി എന്ന ചൂതാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉടനടി നടപടിയെടുക്കാതിരിക്കാന്‍ ഒരു ന്യായവുമില്ല.
Reported by Madhyamam
20th August 2010

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ