2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ലോട്ടറി: തെളിവ് ലഭിച്ചിട്ടും ധനമന്ത്രി നടപടി എടുക്കാത്തതെന്തെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ സംസ്ഥാനത്ത് അനധികൃതമായാണ് വില്‍പ്പന നടത്തിയതെന്ന് തെളിവ് ലഭിച്ചിട്ടും ധനമന്ത്രി നടപടിയെടുക്കാത്തതെന്തെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് തലയൂരലല്ല,
പകരം നടപടിയെടുക്കുകയാണ് വേണ്ടത്. 2006 മുതല്‍ ലോട്ടറി വിഷയത്തില്‍ ധനമന്ത്രി സ്വീകരിക്കുന്ന ഇത്തരം സമീപനത്തോടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തെളിവ് ലഭിച്ചിട്ടും നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ലോട്ടറി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കേന്ദ്രലോട്ടറി നിയമത്തിലെ സെക്ഷന്‍ നാലിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. എന്നിട്ടും നടപടിയെക്കുറിച്ച് ധനമന്ത്രി മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ 2005-ല്‍ കൊണ്ടുവന്ന ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ടില്‍, ഓണ്‍ലൈന്‍ ലോട്ടറി ഒഴികെ സെക്ഷന്‍ നാലിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ലോട്ടറികളെല്ലാം അനധികൃത ലോട്ടറികളാണെന്നാണ് നിര്‍വചിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലും സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ പിടി തോമസിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയിലും ഇക്കാര്യം വ്യക്തമാണ്. പക്ഷെ ലോട്ടറി മാഫിയയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ധനമന്ത്രി മടിച്ചുനില്‍ക്കുകയാണ്. സംസ്ഥാനത്ത് ലോട്ടറി ഓര്‍ഡിനന്‍സ് പാസാക്കിയിട്ട് ആഴ്ചകളായി. നടപടിയില്ലെങ്കില്‍ പിന്നെ ഓര്‍ഡിനന്‍സ് എന്തിനാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

നടപടി കേന്ദ്രത്തിന്റെ തലയില്‍ക്കെട്ടിവെച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ധനമന്ത്രി ഒഴിഞ്ഞുമാറുകയാണ്. ഇതുവരെ ലോട്ടറി വിഷയത്തില്‍ സംസ്ഥാനത്തിന് യാതൊരു അധികാരവുമില്ലെന്ന് പറഞ്ഞിരുന്ന ധനമന്ത്രി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് മറുപടി പറയണം. കേന്ദ്രനിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ചുതന്നെയാണ് ഓര്‍ഡിനന്‍സും തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ലോട്ടറി വില്‍പ്പനയും കൈരളി ചാനലിലെ പരസ്യവും നിലച്ചു. നേരത്തെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ശരിയായി നിര്‍വഹിച്ചില്ല എന്നതിന്റെ തെളിവാണത്. ഇപ്പോള്‍ ലഭിച്ചുവെന്ന് പറയുന്ന തെളിവുകള്‍ പുതിയതല്ല. 2006 ഒക്‌ടോബറില്‍ എഡിജിപി സിബി മാത്യൂസ് നേരത്തെ തന്നെ സര്‍ക്കാരിന് നല്‍കിയിരുന്നതാണ്.

അന്ന് ഒമ്പത് തെളിവുകള്‍ അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വിശദീകരിക്കണം -ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ലോട്ടറി വിഷയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം കൂടി ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണം. എല്ലാം ജനങ്ങള്‍ അറിയട്ടെ. അതല്ലെങ്കില്‍ യുഡിഎഫിന്റെ കാലത്തെ ക്രമക്കേടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. അന്ന് ഓണ്‍ലൈന്‍ ലോട്ടറിയായിരുന്നു കേരളത്തിന്റെ ശാപം. കേന്ദ്രനിയമം അനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറി നടത്താമെന്നിരിക്കെ യുഡിഎഫ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി സംസ്ഥാനത്ത് നിരോധിക്കുകയായിരുന്നു. സ്വന്തംനില പരുങ്ങലിലായപ്പോള്‍ മറ്റുള്ളവരെ കൂട്ടുപിടിക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് യുഡിഎഫിനെതിരെയുള്ള ആരോപണം.

പിഴവ് കേന്ദ്രത്തിന്റേതാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ്. ഇതുവരെ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞ ധനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല, പകരം നടപടിയാണ് വേണ്ടത്. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അന്ന് ഓര്‍ഡിനന്‍സ് ഇറക്കാതിരുന്നതിന്റെ കാരണം വിശദീകരിക്കണം. ഇപ്പോള്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് അറിഞ്ഞിട്ടും ഓര്‍ഡിനന്‍സ് നടപ്പാക്കുന്നില്ല. കത്തെഴുതല്‍ മാത്രമേയുള്ളുവെന്ന മറുപടി നാണക്കേടാണ്. കോടികളുടെ അഴിമതിയാണ് ലോട്ടറി ഇടപാടില്‍ നടന്നതെന്ന് ആര്‍ക്കാണറിയാത്തത്. അന്വേഷണം നടത്താത്തിടത്തോളം ജനങ്ങളുടെ സംശയം വര്‍ധിക്കുകയേയുള്ളൂ. ധനമന്ത്രി അന്വേഷണത്തിന് സമ്മതിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തുന്നത് വൈകാതെ കാണേണ്ടിവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ